അനിൽ തോമസ്
കൊച്ചി: കൊച്ചി കോർപറേഷനിൽ അധികാരമാറ്റം ഉടൻ ഉണ്ടാകുമെന്നു സൂചന നൽകി കോണ്‍ഗ്രസിലെ നാലു സ്ഥിരം സമിതി അധ്യക്ഷരോടു രാജിവയ്ക്കാൻ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ നിർദേശം നൽകി. മേയർ സൗമിനി ജെയിനോടു രാജി ആവശ്യപ്പെട്ടിട്ടില്ല. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, നഗരാസൂത്രണ സമിതി അധ്യക്ഷ ഷൈനി മാത്യു, നികുതികാര്യ സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ എന്നിവരോടാണ് 23 നകം പദവി രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസിസി പ്രസിഡന്റിന്റെ നിർദേശമടങ്ങിയ കത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖേനയാണ് ഇന്നലെ ഇവർക്ക് കൈമാറിയത്. വിദേശ യാത്രയിലായ എ.ബി. സാബു കത്ത് കൈപ്പറ്റിയിട്ടില്ല. ഒപ്പമുള്ള മുസ് ലിം ലീഗ് പ്രതിനിധിയും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ പി.എം. ഹാരിസ് മടങ്ങിയെത്തിയശേഷം രാജിവയ്ക്കാൻ നിർദേശം നൽകുമെന്ന് മുസ് ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവായ ടി.കെ. അഷ്റഫ് പറഞ്ഞു.
എ ഗ്രൂപ്പുകാരിയായ സൗമിനി ജെയിനോട് ഉമ്മൻചാണ്ടി നേരിട്ട് രാജി ആവശ്യപ്പെട്ടിട്ടുള്ള നിലയ്ക്ക് പ്രത്യേകമായി നിർദേശം നൽകേണ്ടതില്ലെന്നാണു ഡിസിസിയിൽനിന്ന് അറിയാനായത്. സൗമിനി ജെയിന്റെ രാജി വിഷയം കെപിസിസി പ്രത്യേക സമിതിയുടെ പരിഗണനയിലുമാണ്. മേയറോടു രാജി ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ രാജിയ്ക്ക് തയാറല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ചെയർമാൻമാർ. മേയർ രാജിവയ്ക്കാതെ താൻ രാജിവയ്ക്കില്ലെന്ന് ഗ്രേസി ജോസഫ് പരസ്യമായി നിലപാടറിയിച്ചു. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന നിർദേശം വിയോജിപ്പ് അറിയിച്ച ചെയർമാൻമാർക്കു ഡിസിസി പ്രതിനിധി കൈമാറി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കെപിസിസി യോഗത്തിൽ കൊച്ചി കോർപറേഷനിൽ അധികാരമാറ്റം നടപ്പാക്കാൻ ധാരണയിലെത്തിയിരുന്നു. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ ഉൾപ്പെടെ ജില്ലയിലെ എ, ഐ ഗ്രൂപ്പുകളുടെ നേതൃത്വത്തിന്റെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർ അധികാരമാറ്റത്തോട് അനുകൂല നിലപാട് കൈക്കൊണ്ടത്. അവസാനവട്ട കൂടിയാലോചനകൾക്കുശേഷം കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിന് മുല്ലപ്പള്ളി രാമചന്ദ്രൻ ഇതു സംബന്ധിച്ച നിർദേശം കൈമാറുകയായിരുന്നു.
രണ്ടര വർഷത്തിനു ശേഷം മേയർ ഉൾപ്പടെയുള്ളവർ മാറി പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന് ഈ ഭരണസമിതി അധികാരത്തിലേറിയ ഘട്ടത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിനിടയിൽ ധാരണ ഉണ്ടായിരുന്നതാണ്. രണ്ടര വർഷത്തിന് ശേഷം അധികാരമാറ്റ ചർച്ചകൾ നടന്നെങ്കിലും പല കാരണങ്ങളാൽ വൈകി. ഏറ്റവും ഒടുവിൽ മേയർ ഉൾപ്പടെയുള്ളവർ മാറേണ്ടിവരുമെന്ന ഘട്ടമെത്തിയതോടെ പ്രതിരോധ തന്ത്രങ്ങളുമായി മേയർ അനുകൂല കൗണ്‍സിലർമാർ രംഗത്തെത്തി.
സൗമിനി ജെയിൻ രാജിവയ്ക്കേണ്ടിവന്നാൽ ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് എ ഗ്രൂപ്പ് കൗണ്‍സിലർമാരായ ജോസ്മേരിയും ഗീതാ പ്രഭാകരനും പരസ്യമായി നിലപാടെടുത്തു. അന്തിമ തീരുമാനം കെപിസിസിയിൽ നിന്ന് വരും മുന്പ ഗീതാ പ്രഭാകരൻ പത്രസമ്മേളനം വിളിച്ച് ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് നേതാവായ കെ.ആർ. പ്രേംകുമാറിനനുകൂലമായാണു ഗീത വോട്ട് രേഖപ്പെടുത്തിയത്.
നിലവിലെ അംഗങ്ങൾ രാജിവയ്ക്കുന്ന ഒഴിവിലേക്ക് കോണ്‍ഗ്രസിൽനിന്നുള്ള കെ.കെ. കുഞ്ഞച്ചൻ ടാക്സ് അപ്പീൽ കമ്മിറ്റിയുടെയും ഡെലീന പിൻഹീറോ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയുടെയും മാലിനി കുറുപ്പ് വികസന കാര്യ സ്ഥിരം സമിതിയുടെയും തലപ്പത്ത് വരും. അധികാരമാറ്റം ഉണ്ടാകുന്പോൾ കേരള കോണ്‍ഗ്രസ്-എമ്മിന് ഒരു കമ്മിറ്റി സ്ഥാനം നൽകാമെന്നു ധാരണയുള്ളതാണ്.
ആ നിലയ്ക്ക് കേരള കോണ്‍ഗ്രസ് എമ്മിലെ ഏക അംഗം ജോണ്സണ് മാഷിന് ക്ഷേമകാര്യ സമതിയുടെ ചുമതല ലഭിക്കും. മുസ് ലിംലീഗിന്റെ സീറ്റിൽ പി.എം. ഹാരീസ് മാറി ടി.കെ. അഷറഫ് വരും. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തലപ്പത്തേക്ക് എം.ബി. മുരളീധരന്റെ പേര് ശക്തമായി ഉയർന്നിരുന്നെങ്കിലും അദ്ദേഹം സ്വയം പിൻമാറുകയായിരുന്നു.