കൊച്ചി: മേയർ മാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിൽ ഗ്രൂപ്പ് പോരുകൾ ശക്തമാകുന്പോൾ കൊച്ചി കോർപറേഷൻ ഭരണസമിതിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യം പരസ്യമാക്കി യുഡിഎഫ് ഘടകകക്ഷികൾ. മുൻ ധാരണപ്രകാരം മേയർ ഉൾപ്പെടെ എല്ലാ സ്ഥിരം സമിതിയിലും നേതൃമാറ്റം നടപ്പാക്കണമെന്നു മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസ്-എമ്മും ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം എത്രയും വേഗം നടപ്പാക്കിയില്ലെങ്കിൽ ജില്ലാ കമ്മിറ്റികൾ ചേർന്നു തുടർനടപടികൾ ആലോചിക്കുമെന്നും ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വം വ്യക്തമാക്കി.
മേയർ സൗമിനി ജെയിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലേറിയ ഘട്ടത്തിൽ തന്നെ രണ്ടര വർഷത്തിനുശേഷം എല്ലാ സ്ഥാനങ്ങളിലും നേതൃമാറ്റം ഉണ്ടാകുമെന്നു ധാരണ എടുത്തിരുന്നതായി കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി സെക്രട്ടറി ടി.കെ. അഷറഫ് എന്നിവർ പറഞ്ഞു.
യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ കോണ്‍ഗ്രസിലെയും ഘടകകക്ഷി പാർട്ടികളിലെയും നേതാക്കൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. രണ്ടര വർഷം കഴിഞ്ഞപ്പോൾ യുഡിഎഫ് യോഗത്തിൽ വിഷയം ഉയർത്തിയപ്പോൾ പല കാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് ഒരു മാസം മുന്‍പ് മേയർക്കെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
അവിശ്വാസത്തെ ഒറ്റക്കെട്ടായി തോൽപ്പിക്കണമെന്ന് അന്ന് ചേർന്ന യുഡിഎഫ് പാർലമെന്ററി യോഗത്തിൽ അഭിപ്രായം ഉണ്ടാവുകയും യുഡിഎഫ് കൗണ്‍സിലർമാർ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന യോഗത്തിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിക്കുകയും ചെയ്തു. നാലു ദിവസത്തിനുള്ളിൽ നേതൃമാറ്റം ഉണ്ടാകുമെന്ന ഉറപ്പിലാണ് അന്ന് എല്ലാവരും ഒറ്റക്കെട്ടായി അവിശ്വാസത്തെ തോൽപ്പിച്ചത്. എന്നാൽ കോണ്‍ഗ്രസിലെ തമ്മിൽതല്ലു കാരണം നേതൃമാറ്റം വൈകുകയാണ്.
ഇനി ഇത് നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നുമാണ് ഘടകകക്ഷി നേതാക്കളുടെ ആവശ്യം. 37 പേരുള്ള യുഡിഎഫ് സമിതിയിൽ ലീഗിന് രണ്ടും കേരളാ കോണ്‍ഗ്രസിന് ഒന്നും കൗണ്‍സിലർമാരാണുള്ളത്. നിലവിൽ ലീഗിന്റെ പക്കലാണ് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി. പി.എം. ഹാരീസ് ആണ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ. രണ്ടര വർഷത്തിന് ശേഷം ഹാരീസ് മാറി പകരം ടി.കെ. അഷറഫിനെ ചെയർമാനാക്കണമെന്ന് മുൻ ധാരണയുണ്ട്.
ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ ലീഗ് ജില്ലാ നേതൃത്വം രേഖാമുലം അറിയിച്ചിട്ടുള്ളതാണ്. മാത്രമല്ല, സ്റ്റാൻഡിംഗ് കമ്മിറ്റി ഇല്ലാത്ത കേരള കോണ്‍ഗ്രസിന് രണ്ടര വർഷത്തിനുശേഷം ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകാമെന്നും ധാരണയുണ്ടായിരുന്നു. നേതൃമാറ്റം വൈകുന്നതോടെ ഘടകകക്ഷികൾക്ക് നൽകിയ ഉറപ്പുകളും അനിശ്ചിതമായി നീളുകയാണ്.