കൊച്ചി: വാക്കുതര്‍ക്കത്തിനിടെ നഗരമധ്യത്തില്‍ യുവാവിനെ വയോധികന് കുത്തിക്കൊന്ന സംഭവത്തില്‍ സാബുവിനൊപ്പം വന്ന സ്ത്രീയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
നഗരത്തില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 45 വയസുള്ള സാബുവാണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇയാളുടെ സ്വദേശം എവിടെയാണെന്ന് കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചി സ്വദേശി സി.എ. റോബിന്(71)നെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം പ്രതി എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അവിടെനിന്നാണ് ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറിയത്.
ഇരുവരും വഴിയോരത്ത് അന്തിയുറങ്ങുന്നവരാണ്. കഴിഞ്ഞ ദിവസം രാത്രി ഒരു സ്ത്രീയുമായി വന്ന സാബുവിനെ പ്രതി റോബിന് തുറിച്ചു നോക്കിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ റോബിന് കൈയിലിരുന്ന കത്തി ഉപയോഗിച്ച് സാബുവിനെ കുത്തുകയായിരുന്നു. സാബു തന്നെ തുടര്‍ച്ചയായി ശല്യം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്.
സാബുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. റോബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.