കൊച്ചി: എറണാകുളം വെണ്ണലയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ മകന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ തുടര്‍നടപടിക്ക് ഫോറന്‍സിക് റിപ്പോര്‍ട്ട് കാത്ത് പോലീസ്.
മരിച്ച അല്ലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വഭാവിക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത അല്ലിയുടെ മകന് പ്രദീപിനെ പോലീസ് വിട്ടയച്ചിരുന്നു. അതിനിടെ അല്ലിയുടെ ആന്തരീകാവയവങ്ങള്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറി.
ഈ റിപ്പോര്‍ട്ട് കിട്ടിയശേഷമാകും തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുക.വ്യാഴാഴ്ച പുലര്‍ച്ചെയോടെ വെണ്ണല സെന്റ് മാത്യൂസ് പള്ളിക്ക് സമീപമായിരുന്നു സംഭവം. പ്രമേഹ രോഗിയായിരുന്നു അല്ലി. ഇവര്‍ മരിച്ചതറിഞ്ഞ പ്രദീപ് സംസ്കാരത്തിനായി അയല്‍വാസികളുടെ സഹായം തേടിയിരുന്നു. സ്ഥിരം മദ്യപാനിയായ പ്രദീപ് പറഞ്ഞത് അയല്‍ക്കാര്‍ സംഭവം കാര്യമായി എടുത്തില്ല.
എന്നാല്‍ പുലര്‍ച്ചെ ഇയാള്‍ വീട്ടുമുറ്റത്ത് കുഴിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അല്ലിയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നടന്നു. സംഭവസമയം ഇരുവരും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മദ്യപിച്ചെത്തുന്ന പ്രദീപ് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താന് പോലീസിന്റെ നടപടികള്‍.