മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗ് അപകടങ്ങൾക്ക് കാരണമാകുന്നു. പെരുവംമുഴി മുതൽ കടാതിവരെയുള്ള റോഡിന്റെ ഇരു വശങ്ങളിലുമായി വാഹനങ്ങൾ അനധികൃതമായി പാർക്കുചെയ്യുന്നതുമൂലം അപകടങ്ങളും, അപകടമരണങ്ങളും തുടർക്കഥയാവുകയാണ്.
അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ വെട്ടിച്ച് മാറ്റുന്പോൾ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ തട്ടിയാണ് ഒട്ടുമിക്ക അപകടങ്ങളുമുണ്ടാകുന്നത്. രാത്രിയിൽ വളവുകളിലും മറ്റും അശ്രദ്ധമായി പാർക്ക് ചെയുന്ന വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർ മരിക്കുകയും പലരും ഗുരുതര പരിക്കേറ്റ് ചികിത്സയിലുമാണ്.
അമിത വേഗത നിയന്ത്രിക്കാനോ അനധികൃത പാർക്കിംഗ് തടയാനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഓരോ മരണങ്ങൾ സംഭവിക്കുന്പോൾ മാത്രം പോലീസും മോട്ടോർ വാഹന വകുപ്പും വാഹനപരിശോധന കർശനമാക്കുമെങ്കിലും പിന്നീട് ദിവസങ്ങൾക്കുള്ളിൽ പഴയപടിയാകും.
കഴിഞ്ഞ ദിവസം രാത്രിയിൽ കരോട്ടോ വാളകത്ത് റോഡരുകിൽ പാർക്കുചെയ്തിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവതിയും യുവാവും മരിച്ചിരുന്നു. അധികൃതർ കർശന നടപടി സ്വീകരിക്കാത്തതാണ് ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാവാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.