ആലുവ: ദേശീയപാതയോരത്തെ കാനയിൽ യുവവ്യാപാരി മരിച്ചനിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണം നഗരത്തിലെ പിടിച്ചുപറിക്കാരെ കേന്ദ്രീകരിച്ച്. സാമൂഹ്യവിരുദ്ധരുടെ താവളമായ മേൽപ്പാലത്തിനുതാഴെ മാർക്കറ്റ്ഭാഗത്തെ കേന്ദ്രീകരിച്ച് പിടിച്ചുപറിക്കാരനായ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തായിക്കാട്ടുകര മാന്ത്രയ്ക്കൽ കുറുപ്പശേരി നൗഷാദിനെ(47)യാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കാനയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയം മേൽപ്പാലത്തിനടിയിൽ തന്പടിച്ചിരുന്ന യാചകസംഘത്തിലെ ചിലരാണ് പോലീസിനും നൗഷാദിന്റെ ബന്ധുക്കൾക്കും ചില സൂചനകൾ നൽകിയത്. സമീപത്തെ ബാറിൽനിന്നും മദ്യപിച്ച് മാർക്കറ്റ്ഭാഗത്ത് എത്തിയ നൗഷാദ് മദ്യലഹരിയിൽ കുഴഞ്ഞുവീണതായി പറയുന്നു.
തൊട്ടുപിന്നാലെ രണ്ടുപേർ സഹായിക്കാനെന്ന വ്യാജേന നൗഷാദിനെ മറ്റൊരു ഭാഗത്തേക്കു താങ്ങിക്കൊണ്ടുപോയി. ഇതിന്റെ വ്യക്തമല്ലാത്ത ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽനിന്നും ലഭിച്ചു. പണം അപഹരിക്കാനുള്ള പിടിവലിക്കിടയിൽ കാനയിൽ വീണതാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. നൗഷാദിന്റെ പണമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതാണ് അന്വേഷണം പിടിച്ചുപറിക്കാരിലേയ്ക്ക് കേന്ദ്രീകരിക്കാൻ കാരണം.
നഗരത്തിൽ കണ്ണടവ്യാപാരം നടത്തിവന്നിരുന്ന നൗഷാദ് ചിട്ടിയടക്കമുള്ള പണമിടപാടുകൾ നടത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന നൗഷാദിൽനിന്നും പഴ്സ് കവർന്നശേഷം ഇയാളെ കാനയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞതാകാനാണ് സാധ്യത. കാനയിലെ വെള്ളത്തിൽ മുങ്ങിമരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മരണത്തിൽ ദുരൂഹതയില്ലെന്ന് ആദ്യം കരുതിയെങ്കിലും പഴ്സ് നഷ്ടമായതും സിസിടിവി ദൃശ്യങ്ങളും കൂടുതൽ അന്വേഷണത്തിനു പ്രേരണയാവുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റണമെന്ന് നൗഷാദിന്റെ ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടു. ഊർജിതമായ അന്വേഷണം നടക്കുന്നതായി ആലുവ എസ്ഐയും അറിയിച്ചു.