കൊച്ചിയിലെ നഗരപ്രാന്തത്തിലുള്ള ദ്വീപില്‍ നിശാപാര്‍ട്ടി നടത്താന്‍ നേതൃത്വം നല്കിയത് മലയാളസിനിമയിലെ പ്രമുഖ താരമാണെന്നു പോലീസിന് സൂചന ലഭിച്ചു. മുമ്പും ഇത്തരം പാര്‍ട്ടികളിലെ നടന്റെ സാന്നിധ്യമാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ദ്വീപിലെ റിസോര്‍ട്ടില്‍ വൈകുന്നേരം ആറിന് മണ്‍സൂണ്‍ നൈറ്റ് എന്ന പേരിലാണ് നിശാപാര്‍ട്ടി നടത്തിയത്. ഡിജെ പാര്‍ട്ടി കഴിഞ്ഞു ഫാഷന്‍ ഷോ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഷാഡോ പോലീസ് എത്തുകയും പരിശോധന നടത്തുകയുമായിരുന്നു. സംഭവത്തില്‍ ഡിജെ ഇവാന്‍ ജോണിന്റെ ബാഗില്‍നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. പോലീസിന് ലഭിച്ച രഹസ്യാന്വേഷണത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.
1500 രൂപയായിരുന്നു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി സംഘാടകര്‍ ഈടാക്കിയിരുന്നത്. വിശദമായ പരിശോധന നടത്തിയശേഷം മാത്രമായിരുന്നു ആളുകളെ കടത്തിവിട്ടിരുന്നത്. മുമ്പ് കൊച്ചിയില്‍ നടന്ന ചില പാര്‍ട്ടികള്‍ പോലീസ് റെയ്ഡില്‍ അവസാനിച്ചിരുന്നതിനാല്‍ മൊബൈല്‍ അടക്കമുള്ളവ വാങ്ങിവച്ചശേഷമായിരുന്നു സന്ദര്‍ശകരെ പ്രവേശിപ്പിച്ചത്. മുമ്പും നിരവധി ആരോപണങ്ങള്‍ കേട്ടിരുന്ന നടനെ ഉന്നതബന്ധങ്ങളാണ് പലപ്പോഴും രക്ഷിച്ചത്. ഇത്തവണയും റെയ്‌ഡോടെ കേസ് തീര്‍ന്നേക്കാനാണ് സാധ്യത.
കായല്‍ മാര്‍ഗം മദ്യവും മയക്കുമരുന്നും എത്തിക്കാന്‍ പദ്ധതിയിട്ടിരിന്നെങ്കിലും പോലീസ് നേരത്തെ എത്തിയതിനാല്‍ സംഘാടകര്‍ക്ക് ഇതിനായില്ല. പരിശോധന വിവരം പുറത്തായതോടെ പരിപാടിക്കെത്താന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമ നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. അതേസമയം, ഓണത്തോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ നടത്താനിരുന്ന വന്‍ പാര്‍ട്ടിയുടെ റിഹേഴ്‌സലാണ് ശനിയാഴ്ച്ച നടന്നതെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം. മുന്‍കാലങ്ങളില്‍ നിരവധി തവണ ഇത്തരം പാര്‍ട്ടികള്‍ നടത്തിയതിന് കുപ്രസിദ്ധമാണ് ഈ ഹോട്ടല്‍. അതേസമയം, നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കേസെടുത്തു. ഹോട്ടലില്‍ മയക്കുമരുന്നു ഉപയോഗിക്കാന്‍ സൗകര്യം ചെയ്തു കൊടുത്തുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.