കൊച്ചി: വാഹനം ഓടിക്കുന്പോൾ കൊച്ചിയിലെ 70 ശതമാനത്തിലധികം പേരും സീറ്റ് ബെൽറ്റ് ധരിക്കാറില്ലെന്നു പഠനം. ഇന്ത്യയിലെ സീറ്റ് ബെൽറ്റ് ഉപയോഗവും കുട്ടികൾക്കുള്ള റോഡ് സുരക്ഷയും എന്ന വിഷയത്തിൽ നിസാൻ ഇന്ത്യയും സേവ് ലൈഫ് ഫൗണ്ടേഷനും സംയുക്തമായി കൊച്ചി ഉൾപ്പെടെ രാജ്യത്തെ പത്തു നഗരങ്ങളിൽ നടത്തിയ പഠനത്തിലാണു കൊച്ചിക്കാരുടെ സുരക്ഷിതബോധം വളരെ താഴ്ന്നതാണെന്ന കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭൂരിഭാഗം കാറുകളിലും സീറ്റ് ബെൽറ്റ് സൗകര്യം ഉണ്ടെങ്കിലും അത് ഉപയോഗിക്കാത്തവരാണ് അധികവും. സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിയമപ്രകാരം നിർബന്ധമാണെന്ന് അറിയാത്തവർ 40 ശതമാനമാണ്. നഗരത്തിലെ റോഡുകൾ കുട്ടികൾക്ക് സുരക്ഷിതമല്ലെന്നു സർവേയിൽ പങ്കെടുത്ത 80 ശതമാനം പേരും അഭിപ്രായപ്പെട്ടു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഒരുതവണ പോലും ചോദ്യമുണ്ടായിട്ടില്ലെന്നു 90 ശതമാനത്തിലധികം പേരും പറയുന്നു.
കുട്ടികൾക്കായി ശക്തമായ റോഡ് സുരക്ഷാ നിയമം വേണമെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. എംഡിആർഎ എന്ന റിസർച്ച് സ്ഥാപനമാണ് ദേശീയ തലത്തിൽ ഈ പഠനം നടത്തിയത്. 6,306 നേരിട്ടുള്ള അഭിമുഖങ്ങളും വിദഗ്ധരുടെ 100 അഭിമുഖങ്ങളും രണ്ടു ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ഒരു തത്സമയ സ്ഥലനിരീക്ഷണവും നടത്തിയാണ് പഠനം സാധ്യമാക്കിയത്.