കൊച്ചി: കൊറിയർ കന്പനിയുടെ പാഴ്സൽ പായ്ക്കറ്റിലെത്തിയ 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കൊച്ചിയിൽ എക്സൈസ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ എന്ന മയക്കുമരുന്നാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ലോകവ്യാപകമായി നിരോധിക്കപ്പെട്ട മയക്കുമരുന്നാണിത്. പിടിച്ചെടുത്ത മയക്കുമരുന്ന് 30 കിലോഗ്രാം തൂക്കം വരും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എറണാകുളം എംജി റോഡിൽ ഷേണായീസിനു സമീപം പ്രവർത്തിക്കുന്ന കൊറിയർ കന്പനിയുടെ പാഴ്സൽ പായ്ക്കറ്റിലാണു ലഹരിമരുന്നെത്തിയത്. എട്ടു പാർസൽ പെട്ടികളിലായി തുണിത്തരങ്ങളുടെ ഇടയിൽ കാർബണ്ഷീറ്റുകൾ പൊതിഞ്ഞ നിലയിൽ 64 പായ്ക്കറ്റുകളിലായിരുന്നു മയക്കുമരുന്ന്.
എംഡിഎംഎയുടെ ഏറ്റവും ശുദ്ധീകരിച്ച രൂപമാണ് പിടിച്ചെടുത്തത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ആർക്കാണ് പാഴ്സൽ വന്നതെന്നും ആരാണ് അയച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നു ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട് സ്വദേശികളിൽനിന്ന് അഞ്ചു കിലോഗ്രാമും കഴിഞ്ഞ ജൂണിൽ നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു പത്തു കോടി രൂപയുടെയും എംഡിഎംഎ പിടികൂടിയിരുന്നു.
കണ്ടാൽ കൽക്കണ്ടം; പക്ഷേ, ഭീകരൻ
കൊച്ചി: മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്ന രാസവസ്തുവാണു മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ (എംഡിഎംഎ). ഒരു മില്ലിഗ്രാം എംഡിഎംഎയുടെ ലഹരി 24 മണിക്കൂറിലേറെ നീണ്ടുനിൽക്കും. ഇത് ഉപയോഗിക്കുന്നതു മൂലം വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, ഹൃദ്രോഗം, ഓർമക്കുറവ്, കാഴ്ചക്കുറവ് എന്നിവയുണ്ടാകാൻ സാധ്യത വളരെയേറെയാണ്.
മാനസികസമ്മർദമുള്ളവർക്ക് ചെറിയ അളവിലും ഇതിന്റെ ലഹരി തീവ്രമായി അനുഭവപ്പെടും. കണ്ടാൽ കൽക്കണ്ടംപോലെയേ തോന്നൂ. മണമില്ലാത്തതിനാൽ ആരുടെയും ശ്രദ്ധയിൽപെടില്ല. ഗ്രാമിന് 7000-10,000 വരെ ഇന്ത്യയിൽ വിലയുള്ള ഈ മയക്കുമരുന്നിനു ഗൾഫിലെത്തിയാൽ 30,000 രൂപവരെ ലഭിക്കും.
സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ഈ ലഹരിവസ്തു പാർട്ടി ഡ്രഗ് ആയാണ് ഉപയോഗിക്കുന്നത്. ക്രിസ്റ്റൽ അവസ്ഥയിലുള്ള എംഡിഎംഎ വെള്ളത്തിൽ അലിയിച്ച് ഞരന്പുകളിൽ കുത്തിവയ്ക്കുകയോ കത്തിച്ച് പുക ശ്വസിക്കുകയോ ആണു ചെയ്യാറുള്ളത്.
അര ഗ്രാമിൽ കൂടുതൽ എംഡിഎംഎ പിടികൂടിയാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ക്രിസ്റ്റൽ, പൊടി, ക്യാപ്സൂൾ എന്നീ രൂപങ്ങളിലാണ്പ്രധാനമായും എംഡിഎംഎ കടത്തുന്നത്. ചൈനയാണ് എംഡിഎംഎയുടെ പ്രധാനകേന്ദ്രം.
എക്സ്റ്റസി (ഹർഷോന്മാദം)എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 1912ൽ നിർമിച്ച ഈ രാസവസ്തുവിനു യാതൊരുവിധ ഔഷധഗുണങ്ങളും കണ്ടെത്തിയിട്ടില്ല.