മറ്റേതൊരു നിയമലംഘനത്തേക്കാളും അപകടകരവും സാഹസികവുമാണ് റോഡില്‍ നിയമങ്ങള്‍ ലംഘിക്കുക എന്നത്. ഒരപകടം കൊണ്ട് ചിലപ്പോള്‍ ഒന്നിലധികം ആളുകളുടെ ജീവനുതന്നെ ഭീഷണിയാവാം. ജീവന്‍ പോയില്ലെങ്കിലും ഗുരുതരമായ പരിക്കുകള്‍ തീര്‍ച്ചയായും ഉണ്ടാവാം. ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നതും റോഡിലാണെന്ന റിപ്പോര്‍ട്ടുകളും നിലവിലുണ്ട്.
ഇത്തരം സാഹചര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ഒരു കുടുംബം അറിഞ്ഞുകൊണ്ട് ഒന്നിലധികം നിയമങ്ങള്‍ ഒരുമിച്ച് ലംഘിക്കുന്നതിന് തെളിവാകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇരുചക്രവാഹനത്തില്‍ നാലു പേരടങ്ങുന്ന കുടുംബം. അമ്മ പുറകില്‍, അച്ഛന്‍ മുമ്പില്‍, അച്ഛന്റെ മുമ്പില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികള്‍. അതില്‍ മൂത്ത പെണ്‍കുട്ടി വാഹനം നിയന്ത്രിക്കുന്നു. അച്ഛന്‍ ഹാന്‍ഡിലില്‍ കൈ പോലും പിടിച്ചിട്ടില്ല. ഇവര്‍ക്ക് സമാന്തരമായി സഞ്ചരിച്ചിരുന്ന വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ ഇടപ്പള്ളി ലുലു മാളിന് സമീപമാണ് സംഭവം അരങ്ങേറിയിരിക്കുന്നത്.
വീഡിയോ പകര്‍ത്തുണ്ടെന്ന് മനസിലായതോടെ കുട്ടിയുടെ കൈയില്‍ നിന്ന് പിതാവ് വാഹന നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും കാണാം. നേരത്തെ സമാനമായ സംഭവം കൊച്ചിയില്‍ അരങ്ങേറിയപ്പോള്‍ കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിച്ച ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ റദ്ദാക്കുകയും പോലീസ് ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്തിരുന്നു.