കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും കൊച്ചിക്കാര് ഏറെക്കാലം സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്.
ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യ മഴ സൂക്ഷിക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ പി.കെ ബാബുരാജന് പറയുന്നത്.
വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിന്‍ പോലുളള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.
തീപിടിത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിന്‍ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്.
ഡയോക്സിന്‍ പോലുളളവ നശിക്കില്ല. വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും. പ്രത്യുല്പാദന ശേഷി ഇല്ലാതാക്കും. കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്സിന്‍ കൂടിയ അളവിലാണെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ കണ്ടെത്തിയിരുന്നുവെന്നും ബാബുരാജന് പറഞ്ഞു.
വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് ഇവിടെ പ്രവര്ത്തിച്ചിരുന്നുന്നതെന്നും അദേഹം വ്യക്തമാക്കി.