കൊച്ചി: ഫ്ലാറ്റില്നിന്നുവീണു വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ അറസ്റ്റിനൊരുങ്ങി പോലീസ്. സേലം സ്വദേശിനി കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമ ഇംതിയാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി എറണാകുളം സെന്‍ട്രല്‍ പോലീസ് അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഇയാള്‍ ഒളിവിലാണെന്നാണു പോലീസ് പറയുന്നത്. ഫ്ലാറ്റിലടക്കം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ്കൂടി രജിസറ്റര്‍ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
തമിഴ്നാട്ടില്‍നിന്നും എത്തിച്ച് അന്യായമായി തടങ്കലിലാക്കിയതിനു മനുഷ്യക്കടത്തിന് സമാനമായ കേസാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷനടക്കം ഇടപെട്ടതോടെയാണു കേസ് പുതിയ തലത്തിലേക്ക് ഉയര്‍ന്നിട്ടുള്ളത്.
മുമ്പ് 14 വയസുള്ള കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ച കേസിലെ പ്രതികൂടിയായ ഫ്ളാറ്റുടമയ്ക്കെതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണു പോലീസ് കേസെടുത്തിട്ടുള്ളതെന്ന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് ഇന്നലെ ആരോപിച്ചിരുന്നു.
കൂടാതെ, സംഭവം ഗൗരവത്തോടെ അന്വേഷിക്കണമെന്നും വനിതാകമീഷന് അധ്യക്ഷ ആവശ്യപ്പെട്ടിരുന്നു.കേസില്‍ ദുരൂഹതയുണ്ട്. ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജകുമാരി മരിച്ചതെന്ന് പറയുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ കേസില്‍ ഗൗരവപരമായ അന്വേഷണം വേണം. പതിനാല് വയസുകാരിയുടെ കേസിൽ പിന്നീട് പെണ്‍കുട്ടിയുടെ അമ്മയ്ക്കു പരാതിയില്ലെന്നു പറഞ്ഞതിനെ തുടർന്ന് കേസ് തള്ളിപ്പോകുകയായിരുന്നു.
2010ല്‍ രജിസ്റ്റര്‍ ചെയ്ത് ഈ കേസിൽ പുനരന്വേഷണം വേണമെന്നും ജോസഫൈന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റിലെ ആറാം നിലയില്‍നിന്നും രാജകുമാരി വീണത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് അവര്‍ മരിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നു ഭര്‍ത്താവ് ശ്രീനിവാസനും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കുമാരിയുടെ സഹോദരന് വി. കൊളഞ്ചന് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതിയും നല്കി.