കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവിന് സമീപത്തെ ബഹുനില ഫ്ളാറ്റിന്റെ ആറാം നിലയില്‍നിന്നു വീണു വീട്ടുജോലിക്കാരിക്കു ഗുരുതര പരിക്ക്.
സേലം സ്വദേശിനി കുമാരി (55) ക്കാണു തലയ്ക്കു ഗുരുതര പരിക്കേറ്റത്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം.
ആറാം നിലയില്‍നിന്നു കാര്‍പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലേക്കാണു വീട്ടുജോലിക്കാരി വീണത്. ഫ്ളാറ്റിലെ താമസക്കാർ ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു.
പത്തടിയിലേറെ ഉയരമുള്ള കാര്‍പോര്‍ച്ചിനു മുകളിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തി ഏണി ഉപയോഗിച്ചാണ് ജോലിക്കാരിയെ താഴെയിറക്കിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്ന ഇവരെ ഉടൻ ആശുപത്രിയിലേക്കു മാറ്റി.
ആറാം നിലയുടെ ബാൽക്കണിയിൽനിന്നു രണ്ടു സാരികൾ കൂട്ടിക്കെട്ടിയനിലയിൽ താഴേക്കു നീണ്ടുകിടന്നിരുന്നു. ഇതുവഴി ഊര്‍ന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണു പോലീസ് പറയുന്നത്.
എങ്ങനെയോ ഫ്ളാറ്റില്‍ അകപ്പെട്ടു പോയ ഇവർ പുറത്തുകടക്കാനായാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്നും പോലീസ് കരുതുന്നു. ഫ്ളാറ്റിലെ മുറി അകത്തുനിന്നു പൂട്ടിയിരുന്നതായി എറണാകുളം സെന്‍ട്രല്‍ സിഐ എസ്. വിജയ്ശങ്കര്‍ പറഞ്ഞു.
ഫ്ളാറ്റുടമ ഇംതിയാസിൽനിന്നും ഫ്ളാറ്റിലെ മറ്റു താമസക്കാരിൽനിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. നിലവിൽ അസ്വഭാവികമായി പോലീസിന് ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങളായി ഇവിടെ വീട്ടുജോലി ചെയ്തു വരികയായിരുന്ന രാജകുമാരി കുറേനാളായി നാട്ടിലായിരുന്നുവെന്നും കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയതെന്നും പോലീസ് അറിയിച്ചു.