കൊച്ചിയില്‍ 19കാരി മോഡല്‍ കാറില്‍ കൂട്ടബലാല്‍സംഗത്തിനിരയായ കേസിന്റെ അന്വേഷണം സെക്സ് റാക്കറ്റുകളിലേക്കും വ്യാപിക്കാന്‍ പോലീസ്.
കേസില്‍ സെക്സ് റാക്കറ്റ് ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. മോഡലിന് മയക്കുമരുന്ന് നല്‍കിയോ എന്നകാര്യം സ്ഥിരീകരിക്കാന്‍ പരിശോധനഫലം ലഭിക്കണമെന്നും ഇതിന് സമയമെടുക്കുന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ അറസ്റ്റിലായ രാജസ്ഥാന് സ്വദേശിയും മോഡലുമായ ഡിംപിള്‍ ലാമ്പയുടെ പശ്ചാത്തലം പരിശോധിച്ചുവരികയാണ്.
ഇവരുടെ കെ.വൈ.സി. രേഖകളടക്കം പരിശോധിക്കുന്നുണ്ട്. ഡിംപിള്‍ കൊച്ചിയില്‍ എത്തിയിട്ട് എത്രനാളായെന്നത് വ്യക്തമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
കേസില്‍ പോലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കും.
കസ്റ്റഡിയില്‍ കിട്ടിയാല്‍ ഒരാഴ്ചയോളം ഇവരെ ചോദ്യംചെയ്യും. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പോലീസ് സംഘത്തിന്റെ പ്രതീക്ഷ.
നിലവില്‍ ഡിംപിള്‍ ലാമ്പയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടികളിലും ഫാഷന്‍ഷോകളിലും ഡിംപിള്‍ സ്ഥിരസാന്നിധ്യമായിരുന്നു.
യുവമോഡലുകളുമായി ഇവര്‍ ഏറെ സൗഹൃദം പുലര്‍ത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വാരാന്ത്യങ്ങളില്‍ നഗരത്തില്‍ നടക്കുന്ന പല പാര്‍ട്ടികളിലും പ്രമുഖ മോഡലെന്നപേരില് ഡിംപിളിനെ അവതരിപ്പിച്ചിരുന്നു.
ഫാഷന്‍ഷോകളിലും ഡിംപിള്‍ സജീവമായിരുന്നു. ബലാത്സംഗക്കേസിലെ മറ്റുപ്രതികളായ കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്ക് എങ്ങനെയാണ് ഡിംപിളിനെ പരിചയമെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ബലാല്‍സംഗത്തിനിരയായ മോഡലും പ്രതികളും പാര്‍ട്ടിക്കെത്തിയ കൊച്ചിയിലെ ഫ്ളൈഹൈ ബാര്‍ ഹോട്ടലിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
ഡി.ജെ. പാര്‍ട്ടി നടന്ന ബാറില്‍ നിന്ന് സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളും അക്രമത്തിനിരയായ യുവതിയും എത്തുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.
എം.ജി. റോഡില്‍ ഷിപ്പ്യാര്‍ഡിനു സമീപമുള്ള അറ്റ്ലാന്റിസ് ജംഗ്ഷനിലെ ഹോട്ടല്‍, 23 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് മദ്യം നല്‍കരുതെന്ന നിയമം ലംഘിച്ചിട്ടുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെയും നിഗമനം.
ഇതിന് തെളിവ് കണ്ടെത്താന്‍ പരിശോധന നടത്തും. പീഡനത്തിനിരയായ യുവതിക്ക് 19 വയസ്സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് അന്വേഷിക്കാന്‍ എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ എം.എസ്. ഹനീഫയുടെ നേതൃത്വത്തില്‍ എക്സൈസ് സംഘം ശനിയാഴ്ച ബാറില്‍ പരിശോധന നടത്തി.
ബാറില്‍ നല്കിയ തിരിച്ചറിയല്‍ രേഖയില്‍ 24 വയസെന്നാണ് കാണുന്നത്. ഇതേക്കുറിച്ച് തിങ്കളാഴ്ചയോടയേ വ്യക്തത വരൂ എന്ന് എക്സൈസ് അറിയിച്ചു. 23 വയസ്സില്‍ താഴെ പ്രായമാണെന്ന് തെളിഞ്ഞാല്‍ എക്സൈസ് കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.