പള്ളുരുത്തി: കൊച്ചി ഫിഷറീസ് ഹാർബറിൽനിന്നും മത്സ്യബന്ധനത്തിനുപോയി തിരികെവരാനുള്ള ബോട്ടുകൾ ലക്ഷദ്വീപിൽനിന്നും 500 നോട്ടിക്കൽ മൈൽ അകലെയെന്ന് വിവരം. ഇവരുമായി ബന്ധപ്പെടുവാനോ ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നൽകുവാനോ സാധിച്ചിട്ടില്ല. ഇന്നു പുലർച്ചെയോടെ കൊച്ചി ഫിഷറീസ് ഹാർബറിൽ തിരികെയെത്തിയ ഒരു ബോട്ടിലെ തൊഴിലാളികളാണ് ഇതു സംബന്ധിച്ച വിവരം കൈമാറിയത്.
ലക്ഷദ്വീപിൽനിന്നും 500 നോട്ടിക്കൽ മൈൽ ദൂരെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണു മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുവരുന്നത്. ഈ സംഘങ്ങളുടെകൂടെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടു വരികയായിരുന്ന അത്ഭുതമാതാ എന്ന ബോട്ടാണു തിരികെ കൊച്ചിയിലെത്തിയത്.
കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ എത്തിയപ്പോഴാണ് ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം ലഭിച്ചതെന്നു തിരികെയെത്തിയ തൊഴിലാളികൾ പറഞ്ഞതായി മത്സ്യത്തൊഴിലാളി ഐക്യവേദി കണ്വീനർ ചാൾസ് ജോർജ് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്നു മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുവരുന്ന ബോട്ടുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
1500 തൊഴിലാളികൾ ഇത്രയും ബോട്ടുകളിലായി ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ന്യൂനമർദത്തെത്തുടർന്ന് അതീവജാഗ്രത നിർദേശം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊച്ചി ഫിഷറീസ് ഹാർബറിൽനിന്നു കടലിൽ പോയ ബോട്ടുകളെ എത്രയും വേഗം തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
അറുന്നൂറോളം ബോട്ടുകളാണ് കൊച്ചിയിൽനിന്നു മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ഇതിൽ 450 ഓളം ബോട്ടുകൾ തിരികെ എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം പകുതിയോടെയാണ് ഈ ബോട്ടുകൾ കൊച്ചിയിൽനിന്നു പുറപ്പെട്ടത്. വിവരം ലഭിക്കാത്ത ബോട്ടുകൾ ചൂണ്ട ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന വിഭാഗത്തിൽപ്പെടുന്നവയാണ്.
തൊഴിലാളികൾ എല്ലാം തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഇവരെ ബന്ധപ്പെടാൻ സർക്കാൻ ഏജൻസികളുടെയും നാവിക സേനയുടെയും നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. കടലിലുള്ള കപ്പലുകൾ വഴി ബോട്ടുകൾക്ക് മുന്നറിയിപ്പ് നൽകാനുള്ള നീക്കങ്ങൾ എത്രയും വേഗം ഉണ്ടാകണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടു.