വൈപ്പിൻ: ട്രോളിംഗ് നിരോധനത്തിനുശേഷം കടലിൽ പോയ ബോട്ടുകൾ തിരിച്ചെത്തിയത് നിറയെ കരിക്കാടിച്ചെമ്മീനും കിളിമീനുമായി. 20 ഓളം ബോട്ടുകളാണ് മത്സ്യബന്ധനം കഴിഞ്ഞ് ഇന്നലെയും ഇന്നുമായി കാളമുക്ക് ഫിഷിംഗ് ഹാർബറിൽ എത്തിയത്. 25 ഓളം ബോട്ടുകൾ മുനന്പം ഹാർബറിലുമെത്തി. ഇന്ന് ബോട്ടുകൾ കൂടുതലായി എത്തിത്തുടങ്ങും.
കനത്ത മഴ മത്സ്യബന്ധന ബോട്ടുകൾക്ക് ഗുണമായെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ഒരു ദിവസത്തെ ക്യാച്ചിംഗിൽ രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം രൂപവരെ ലഭിച്ചു. ആദ്യം എത്തിയ ബോട്ടുകൾക്ക് കിളിമീനു നല്ല വില ലഭിച്ചു. എന്നാൽ പിന്നാലെ ധാരാളം എത്താൻ തുടങ്ങിയതോടെ പതിവു പോലെ വില ഇടിഞ്ഞു. കരിക്കാട് ചെമ്മീൻ വലുപ്പം കുറവായതിനാൽ പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇന്നലെ പുലർച്ചെമുതൽ കടലിൽ മത്സ്യബന്ധനത്തിനായി പോയ ബോട്ടുകളിൽ കാളമുക്ക് ഹാർബറിൽ ആദ്യം തിരികെയെത്തിയത് മാന്പിള്ളി-2 എന്ന ബോട്ടാണ്. അതേ സമയം മുനന്പം ഹാർബറിൽ ഇന്നലെ പകൽ ബോട്ടുകൾ ഒന്നും തിരികെ എത്തിയില്ലെങ്കിലും രാത്രിയോടെ 25 ഓളം ബോട്ടുകൾ കിളിമീനുകളുമായെത്തി.
ഇന്ന് രാവിലെയാണ് ഇവ വിറ്റഴിച്ചത്. കാളമുക്കിൽ നിറെയ കിളിമീനുമായെത്തിയ ബോട്ടുകൾക്ക് ഇന്നലെ കൈ നിറയ പണം ലഭിച്ചു. ആദ്യബോട്ട് തിരിച്ചെത്തിയതിനു പിന്നാലെ പത്തോളം ബോട്ടുകൾ വീണ്ടും കാളമുക്കിലെത്തിയിരുന്നു. എല്ലാബോട്ടുകളിലും കിളിമീനാണ് ലഭിച്ചത്. ഒന്നേകാൽ മുതൽ ഒന്നേമുക്കാൽ ലക്ഷം രൂപ വരെ ഇന്നലെ ബോട്ടുകൾക്ക് ലഭിച്ചു.