കൊച്ചി: കൊച്ചി ഹാർബറിൽനിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ ഇരുന്നൂറോളം ബോട്ടുകളിലെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് വിവരങ്ങളില്ല്ലെന്ന് നാട്ടുകാർ. ദിവസങ്ങൾക്കുമുന്പേ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ സംബന്ധിച്ച് ഇതുവരെയായും വിവരമൊന്നും ലഭിക്കാത്ത് തീരദേശ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. ഇവർ മത്സ്യബന്ധനം നടത്തുന്നത് തെക്കുഭാഗത്താണ്. ചുഴലിക്കാറ്റിന്റെ കെടുതികൾ കൂടുതലും തെക്കുഭാഗത്തായതാണു ആശങ്ക വർധിപ്പിക്കുന്നത്.
ഇന്നലെ മുതൽ തെക്കൻ കേരളത്തിൽ ആഞ്ഞടിക്കുന്ന ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ തീരദേശ മേഖല ആശങ്കയുടെ മുൾമുനയിലാണ്. ഇതിനിടെ ഇന്നു രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ കടൽ ക്ഷോഭവും കടൽ കവിഞ്ഞൊഴുകുന്ന പ്രവണതയും അനുഭവപ്പെടുന്നുണ്ട്.
ഇതിനിടെ ഇന്നു രാവിലെ രണ്ടു ബോട്ടുകളെ സംബന്ധിച്ച് വിവരം ലഭിച്ചതായി അധികൃതർ പറഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞു തിരികെ കരയ്ക്ക് എത്താറായ ബോട്ടുകളുമായാണു ബന്ധപ്പെടാൻ സാധിച്ചിട്ടുള്ളത്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ഗിൽനെറ്റ് വിഭാഗത്തിൽപ്പെട്ട ഇത്തരം ബോട്ടുകൾ 20 ദിവസം വരെ കടലിൽ കഴിയാറുണ്ട്.
ഈ സമയം ഹാർബറുമായോ വീട്ടുകാരുമായോ മത്സ്യത്തൊഴിലാളികൾ ബന്ധപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇവർക്കു ലഭിച്ചിരിക്കാനും സാധ്യതയില്ല. ബോട്ടുകളിലെ തൊഴിലാളികൾ ഏറെയും തമിഴ്നാട്ടുകാരായതിനാൽ ഇവരുടെ ബന്ധുക്കൾ കൊച്ചിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ഇതിനിടെ, ചെല്ലാനം ഭാഗത്തു ഇന്നു രാവിലെ മുതൽ അനുഭവപ്പെടുന്ന ശക്തമായ കടൽക്ഷോഭം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചെല്ലാനം വേളാങ്കണ്ണി പള്ളിക്കു സമീപത്തായിട്ടാണു രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്നത്. വിവരമറിഞ്ഞു താലൂക്ക്, റവന്യൂ അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.
കടൽ ക്ഷോഭത്തിൽ നിരവധി വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായും വിവരമുണ്ട്. ഇതിനിടെ ചെല്ലാനം ഭാഗത്തുനിന്നു മത്സ്യബന്ധനത്തിനുപോയ ചെറു വഞ്ചികളോടെല്ലാം തിരികെ എത്താൻ ആവശ്യപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. ഇന്നു രാവിലെ രണ്ടു ചെറു വഞ്ചികളിലായി കടലിൽ കുടുങ്ങിയ രണ്ടുപേരെ അധികൃതർ രക്ഷപ്പെടുത്തുകയും ചെയ്തു.
കടൽ കവിഞ്ഞൊഴുകുന്നു
വൈപ്പിൻ: ചുഴലിക്കാറ്റിനെത്തുടർന്നു കാലാവസ്ഥയിൽവന്ന വ്യതിയാനംമൂലം വൈപ്പിനിൽ നായരന്പലം, എടവനക്കാട്, ചെറായി മേഖലയിൽ കടൽ കവിഞ്ഞൊഴുകുന്നു. ഇന്നു വെളുപ്പിനു നാലോടെ വേലിയേറ്റ സമയത്താണു കടൽ കവിഞ്ഞൊഴുകുന്ന പ്രവണത ആരംഭിച്ചത്.
എടവനക്കാട് അണിയൽ കടപ്പുറം മുതൽ വടക്കോട് പഴങ്ങാട് കടപ്പുറംവരെയും നായരന്പലം പുത്തൻ കടപ്പുറം മുതൽ വടക്കോട്ടും ചെറായി ബീച്ചിലും വടക്കോട്ട് മാറിയുമാണു കടൽ കയറുന്നത്. അണിയൽ ഭാഗത്താണു കടൽ കയറ്റം രൂക്ഷം. ഈ മേഖലയിൽ വെള്ളം അടിച്ചുകയറാതിരിക്കാൻ വീടിന്റെ ഭാഗത്തു സ്ഥാപിച്ചിരുന്ന മണൽ ബണ്ടുകൾ പലയിടത്തും തകർന്നു.