കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്ഥികളില്നിന്നും കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എറണാകുളം സ്വദേശി സതീഷ് ചന്ദ്രന് (66) നെതിരെ കൂടുതല്‍ പരാതികള്‍.
മലപ്പുറം സ്വദേശിയില്‍ നിന്നും കൊച്ചിയില്‍ ജോലി വാഗ്ദാനം ചെയ്ത് 8.15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പുതിയ പരാതി. യുവാവിന്റെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.
കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ സതീശനെതിരായ സമാന കേസുകളില്‍ പോലീസ് പരിശോധന നടത്തി വരികയാണ്. കൊച്ചി മെട്രോയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞു മലപ്പുറം സ്വദേശിയായ അബ്ദുല്‍ ബാസിതില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം സതീശനടക്കം മൂന്ന് പേരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ ഒരാള്‍ക്കൂടെ പിടിയിലാകാനുളളതായി പോലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലി വാഗാദാനം ചെയ്ത് പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണികള്‍ മാത്രമാണ് പിടിയിലായ മൂന്നുപേരും.
ഇതിന്റെ പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.സതീശനെതിരേ തൃശൂര്‍ ജില്ലയിലും പരാതികള്‍ ഉയരുന്നതായി വിവരമുള്ളതായും പോലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വ്യാജരേഖകള്‍ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
ഈ സാഹചര്യത്തില്‍ ഇവര്‍ നിര്‍മിച്ച വ്യാജരേഖകളടക്കം പരിശോധിക്കുന്നതിനും, മറ്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ചോദ്യം ചെയ്യും.
മലപ്പുറം സ്വദേശിയില്‍നിന്ന് പണം തട്ടിയ കേസില്‍ ഇടനില നിന്നതായി കരുതുന്ന കോഴിക്കോട് നാദാപുരം സ്വദേശി സലിം (മൈമുദ് 50), പെരുമാനൂര്‍ ആലപ്പാട്ട് റോഡില്‍ ബിജു (38) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേളത്തിലുടനീളം അമ്പതോളം ഉദ്യോഗാര്‍ഥികളില്‍നിന്ന് സമാനമായി രീതിയില്‍ സതീശന്റെ നേതൃത്വത്തില്‍ തട്ടിപ്പ് നടത്തിയതായാണ് പോലീസിന്റെ കണ്ടെത്തല്‍.
മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സപ്ലൈകോയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഇയാള്‍ക്കെതിരേ വകുപ്പ് തല നടപടി ഉണ്ടായിട്ടുണ്ട്.