കൊച്ചി: വ്യത്യസ്ത സംഭവങ്ങളിൽനിന്നായി ഒരു ദിവസം ഒൻപതര കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തെത്തുടർന്നു വ്യാപക പരിശോധനകൾക്കൊരുങ്ങി പോലീസ്. കൊച്ചി സിറ്റി പോലീസിന്റെ കീഴിൽ കൊച്ചിയിൽനിന്നും ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽൽ ആലുവയിൽനിന്നുമായാണ് ഇന്നലെ ഇത്രയധികം അളവിൽ കഞ്ചാവ് പിടികൂടിയത്. ഈ കേസുകളിലായി അഞ്ചുപേരാണു പിടിയിലായിട്ടുള്ളത്.
ഈസ്റ്റർ, വിഷു ആഘോഷങ്ങളോടനുബന്ധിച്ചാണു വ്യാപകമായി കഞ്ചാവ് കടത്തുന്നതെന്നാണു പോലീസിന്റെ നിഗമനം. ഇതേത്തുടർന്നു വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ പറഞ്ഞു. ഷാഡോ പോലീസിനു പുറമെ വിവിധ സ്റ്റേഷനുകൾക്കു കീഴിൽ പ്രത്യേക പരിശോധനകൾ നടത്തും.
വ്യത്യസ്ത സംഭവങ്ങളിൽ നേരത്തെ പിടികൂടിയവരിൽനിന്നും ഇന്നലെ അറസ്റ്റ് ചെയ്ത പ്രതികളിൽനിന്നും ഉൾപ്പെടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ പരിശോധനകൾക്ക് ഒരുങ്ങുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കടത്തുന്ന സംഭവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങൾ കൂടുതൽപേർ പിടിയിലാകുമെന്ന വിവരമാണു അധികൃതർ നൽകുന്നത്.
കൊച്ചി നഗരത്തിൽ വില്പനയ്ക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി തളിപ്പറന്പ് മന്നദേശം സ്വദേശി സി.കെ. ആബിദ് (28), തളിപ്പറന്പ് വീനസ് ജംഗ്ഷൻ സ്വദേശി അസ്ക്കർ (32) എന്നിവരെ നോർത്ത് എസ്ഐ വിപിൻദാസിന്റെ നേതൃത്വത്തിൽ സിനിമാ സ്റ്റൈൽ ചേസിംഗിലൂടെയാണു പിടികൂടിയതെങ്കിൽ വിനോദ സഞ്ചാരികൾക്കു വില്പനയ്ക്കായി എത്തിച്ച അഞ്ചര കിലോ കഞ്ചാവുമായി പത്തനംതിട്ട വള്ളിക്കോട് സ്വദേശി രമേശൻ (ദാദ – 52), എറണാകുളം കാരക്കാമുറി സ്വദേശി രഞ്ജിത്ത് (38) എന്നിവരെ രണ്ടിടങ്ങളിൽനിന്നായി ഷാഡോ പോലീസ് പിടികൂടുകയായിരുന്നു.
ഇതിനു പുറമെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണു രണ്ടുകിലോയോളം കഞ്ചാവുമായി തമിഴ്നാട് സ്വദേശി തങ്കപാണ്ടി (48)യ്െ ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.കെ. റെജിമോനും സംഘവും അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിലായി പിടിയിലായ പ്രതികൾക്കു കഞ്ചാവ് കൈമാറിയവരെയും ഇവരിൽനിന്നു വാങ്ങുന്നവരെയും സംബന്ധിച്ച വിവരങ്ങൾ പോലീസിനു ലഭിച്ചതായാണു വിവരം.
കൈയടി ഏറ്റുവാങ്ങി നോർത്ത് എസ്ഐ
കൊച്ചി: കഞ്ചാവുമായെത്തി കലൂരിൽനിന്നു പോലീസിനെ കബളിപ്പിച്ചു കടന്ന കാർ യാത്രികരെ കളമശേരി വരെ പിന്തുടർന്നശേഷമാണു നോർത്ത് എസ്ഐ വിബിൻദാസ് സാഹസികമായി പിടികൂടിയത്. സാഹസികമായാണു എസ്ഐ ബൈക്കിൽ പിന്തുടർന്നു പ്രതികളെ പിടികൂടിയത്.
രണ്ടു ദിവസം മുൻപ് നഗരത്തിൽ വില്പനയ്ക്കായി കോഴിക്കോട്നിന്നു കഞ്ചാവ് എത്തിക്കുമെന്നു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് ജാഗരൂകരായിരുന്നു. ഇന്നലെ രാവിലെ 11ന് കലൂരിൽ കഞ്ചാവ് എത്തിക്കുമെന്ന വിവരത്തെത്തുടർന്ന് എത്തിയ പോലീസിനെ കബളിപ്പിച്ചു പ്രതികൾ കടന്നുകളഞ്ഞു.
കലൂരിൽനിന്ന് ഇടപ്പള്ളിയിലെത്തിയ പ്രതികൾ ദേശീയപാത 17ലൂടെ ചേരാനെല്ലൂർ ഭാഗത്തേക്ക് എത്തി വട്ടേക്കുന്നം വഴി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലൂടെ സൗത്ത് കളമശേരി വഴി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ കളമശേരി മേൽപ്പാലത്തിന് താഴെ വച്ച് ആബിദും അസക്റും പിടിയിലാവുകയായിരുന്നു.
കലൂർ മുതൽ എസ്ഐ വിബിൻ ദാസ് പ്രതികളെ ബൈക്കിൽ പിന്തുടർന്നു. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിലെ രാജേഷും പ്രഗേഷും മറ്റൊരു കാറിലും പ്രതികളുടെ പിന്നാലെയെത്തി. ഇതിനിടെ പലവട്ടം പ്രതികളുടെ വാഹനം എസ്ഐയുടെ ബൈക്കിലും പോലീസ് കാറിലും ഇടിച്ചു. ഒടുവിൽ എസ്ഐ ബൈക്ക് പ്രതികളുടെ കാറിന് മുന്നിലേക്കു കൊണ്ടുനിർത്തി. ഇനി രക്ഷയില്ലെന്നു കണ്ടതോടെ പ്രതികൾ കഞ്ചാവ് പൊതി പുറത്തേക്കു വലിച്ചെറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചു.
പിടിയിലാകുന്നതിനു മുന്പ് സ്ഥലത്തു പാർക്ക് ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളിലും പ്രതികളുടെ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാർ തടഞ്ഞിട്ടും പോലീസിൽനിന്നു രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാരും ചേർന്നു കീഴ്പ്പെടുത്തുകയായിരുന്നു.
നാളുകൾ നീണ്ട നിരീക്ഷണം;പിടിയിലായ ദാദ വന്പൻ സ്രാവ്
കൊച്ചി: വിനോദ സഞ്ചാരികൾക്കു വില്പനയ്ക്കായി എത്തിച്ച അഞ്ചര കിലോ കഞ്ചാവുമായി രണ്ടു പേരെ ഷാഡോ പോലീസ് പിടികൂടിയത് നാളുകൾ നീണ്ട നിരീക്ഷണങ്ങൾക്കുശേഷം. വിനോദസഞ്ചാരികൾക്കിടയിൽ ലഹരി വസ്തുകൾ വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ചു സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു ഷാഡോ സംഘം രണ്ടാഴ്ചയോളമായി നിരീക്ഷണങ്ങളും പരിശോധനകളും നടത്തി വരികയായിരുന്നു.
ഇതിനിടെ നേരത്തെ നിരവധിപേരെ ലഹരി വസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നു. പരിശോധനകൾ തുടർന്നുവരികെ ഇന്നലെയാണ് വൈറ്റില മൊബിലിറ്റി ഹബ്ബിൽനിന്നു നാലേകാൽ കിലോ കഞ്ചാവുമായി രമേശനെയും (ദാദ), എളമക്കരയിൽനിന്ന് ഒന്നേകാൽ കിലോ കഞ്ചാവുമായി രഞ്ജിത്തിനെയും ഷാഡോ പോലീസ് അറസ്റ്റു ചെയ്തത്.
ഒറീസയിൽനിന്നു കേരളത്തിലേക്കു വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന ഏജന്റുകളിൽ ഒരാളാണ് രമേശനെന്നു പോലീസ് പറയുന്നു.
ഇയാൾ എത്തിക്കുന്ന കഞ്ചാവ് ടൂർ ഗൈഡുകളായി പ്രവർത്തിക്കുന്ന സഹായികളിലൂടെ രഞ്ജിത് ആയിരുന്നു വിനോദ സഞ്ചാരികൾക്കിടയിൽ വിതരണം ചെയ്തിരുന്നത്. കിലോഗ്രാമിനു 4,000 രൂപയ്ക്കു ലഭിക്കുന്ന ശീലാവതി ഇനത്തിൽപ്പെട്ട കഞ്ചാവ് കേരളത്തിലെ പ്രസിദ്ധമായ ഇടുക്കി ഗോൾഡ് എന്ന പേരിലായിരുന്നു വിനോദ സഞ്ചാരികൾക്കു നൽകിയിരുന്നത്. നഗരത്തിലെ ഒരു മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികൾക്കും ഇയാൾ കഞ്ചാവ് വിതരണം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
എംബിബിഎസ് വിദ്യാർഥികൾ എന്ന വ്യാജേന രഞ്ജിത്തിനെ ബന്ധപ്പെട്ട ഷാഡോ സംഘം കഞ്ചാവുമായി എത്തിയപ്പോൾ പ്രതിയെ എളമക്കരയിൽവച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു രമേശനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്നു രമേശനെ വൈറ്റില ഹബ്ബിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. റായഗഡയിലെ മട്ടികോണ, ലക്ഷ്മിപൂർ, കണ്ടേശു തുടങ്ങിയ വനപ്രദേശ ഗ്രാമങ്ങളിലെ കൃഷിക്കാരിൽനിന്നു നേരിട്ടാണു രമേശൻ കഞ്ചാവ് വാങ്ങിയിരുന്നതെന്നു പോലീസ് പറഞ്ഞു.
റായഗഡയിൽനിന്നു ബസ് മാർഗം വിശാഖപട്ടണത്ത് എത്തിച്ചശേഷം ട്രെയിൻ മുഖാന്തരം മുംബൈയിലെത്തിക്കും. അവിടെനിന്നു കേരളത്തിലേക്കുള്ള കാർ ട്രയിലറുകളിൽ സഞ്ചരിച്ചായിരുന്നു പ്രതി കൊച്ചിയിലേക്ക് എത്തിയിരുന്നത്. മൂന്നു മാസത്തിനിടയിൽ നിരവധി തവണ ഹാഷിഷും, കഞ്ചാവും, അടക്കമുള്ള ലഹരി വസ്തുക്കൾ നഗരത്തിലേക്കു എത്തിച്ചതായി പ്രതി പോലീസിനോടു പറഞ്ഞു. രമേശനു കഞ്ചാവ് നൽകുന്ന റയഗഡയിലുള്ള സ്ത്രീയുടേയും ഈ സംഘവുമായി ബന്ധപ്പെട്ട നഗരത്തിലെ ഹോം സ്റ്റേ, ഹോട്ടൽ രംഗത്തുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കറുപ്പസ്വാമി പറഞ്ഞു.
തേനിയിൽനിന്നു വാങ്ങി ഇതര സംസ്ഥാനക്കാർക്കിടയിൽ വില്പന
ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നു കഞ്ചാവുമായി പിടിയിലായ തേനി സ്വദേശി തങ്കപാണ്ടി തേനിയിൽനിന്നു കഞ്ചാവ് വാങ്ങി ഇതര സംസ്ഥാനക്കാർക്കിടയിൽ വില്പന നടത്തിവന്നിരുന്നയാളാണെന്ന് അധികൃതർ പറഞ്ഞു.
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് രണ്ടുകിലോയോളം കഞ്ചാവുമായി പ്രതിയെ ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.കെ. റെജിമോനും സംഘവുമാണ് അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് എക്സൈസ് സഗഘത്തിന്റെയും തീരുമാനം.
പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിന് റിവാർഡ്
കൊച്ചി: വിവിധ സ്ഥലങ്ങളിൽനിന്നായി കഞ്ചാവ് സംഘത്തെ പിടികൂടിയ ഷാഡോ പോലീസ് സംഘത്തിനും സിനിമാ സ്റ്റൈൽ ചേസിംഗിലൂടെ പ്രതികളെ പിടികൂടിയ നോർത്ത് പോലീസ് ഉദ്യോഗസ്ഥർക്കും റിവാർഡ് നൽകുമെന്നു കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു.