കൊച്ചി: ജില്ലയിലേക്ക് ഒഡീഷയിൽനിന്നു വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നതായി സൂചന. വിവിധയിടങ്ങളിൽ ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാനക്കാർക്കിടയിൽ വിതരണം ചെയ്യുന്നതിനായി ഇതരസംസ്ഥാനക്കാരുടെ നേതൃത്വത്തിലാണു കഞ്ചാവ് കടത്ത്. ഏതാനും ദിവസമായി പോലീസ് നടത്തിയ പരിശോധനകളിൽ രണ്ട് സംഭവങ്ങളിലായി ഒഡീഷയിൽനിന്ന് എത്തിച്ച 16.2 കിലോഗ്രാം കഞ്ചാവും ഇവയെത്തിച്ച അഞ്ച് ഒഡീഷ സ്വദേശികളെയുമാണു പിടികൂടിയത്.
ഒഡീഷയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന ആദിവാസികളുടെ പക്കൽനിന്നു വാങ്ങുന്ന കഞ്ചാവ് കൂടുതലായും ട്രെയിൻ മാർഗമാണു കൊച്ചിയിലെത്തിക്കുന്നത്. പിന്നീട് വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ചുനൽകും. ഒഡിഷയിൽനിന്ന് കുറഞ്ഞ തുകയിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തിച്ച് വൻ വിലയ്ക്കാണു വിൽപ്പന നടത്തിവന്നിരുന്നത്.
കിലോഗ്രാമിന് ഒരു ലക്ഷം രൂപ വരെയാണ് ഇവരുടെ വിറ്റുവരവെന്നാണു പോലീസിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും വിൽപ്പനക്കെത്തിച്ച 13.2 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ കൃഷ്ണചന്ദ്ര രജക്, സുബ്ഹാം സാഹൂ എന്നിവരെ ക്കാക്കര അസി. കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും എളമക്കര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർ നിലവിൽ റിമാൻഡിലാണ്.
ഇതിനു പിന്നാലെ ഇന്നലെ മൂന്നു കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ മൂന്നു യുവാക്കളെ കൊച്ചി സിറ്റി ഡാൻസാഫും തൃക്കാക്കര പോലീസും ചേർന്നു പിടികൂടിയത്. ഒഡീഷ ബൗദ് ബുദുപാലി തുരനാലിയിൽ പ്രകാശ് ബഹ്റ (25), രാജ ബഹ്റ, മനോജ് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലെ വ്യവസായ മേഖലയായ കാക്കനാട്, തൃക്കാക്കര ഭാഗങ്ങളിൽ തൊഴിലെടുക്കുന്ന ഇതരസംസ്ഥാനക്കാർക്കും വിദ്യാർഥികൾക്കും വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നു പോലീസ് ഇവിടങ്ങളിൽ അന്വേഷണം നടത്തിവരികയായിരുന്നു.
പിടിയിലായ പ്രകാശ് വർഷങ്ങളായി തൃക്കാക്കരയിലെ സ്വകാര്യ കന്പനി ജീവനക്കാരനാണ്. ഇയാളാണ് പ്രതികളായ മറ്റു രണ്ടു പേർ ഒഡീഷയിൽനിന്നു കൊണ്ടുവരുന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാരിൽ എത്തിച്ചിരുന്നത്. ഒഡീഷയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന ആദിവാസികളുടെ പക്കൽനിന്നു കിലോഗ്രാമിന് 800 രൂപ നിരക്കിലാണ് ഇവർ കഞ്ചാവ് വാങ്ങുന്നത്.
ഡെപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം നാർക്കോട്ടിക് കണ്ട്രോൾ അസി. കമ്മീഷണർ വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ തൃക്കാക്കര സിഐ ആർ. ഷാബു, എസ്ഐ പി.പി. ജസ്റ്റിൻ, ഡാൻസാഫ് എസ്ഐ ജോസഫ് സാജൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.