കൊച്ചി: രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമാണ് കൊച്ചിയെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. കേരളത്തിൽ ലഹരിമരുന്ന് കടത്തുകാരായി പെണ്കുട്ടികളെ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിമരുന്ന് ഉപയോഗത്തിൽ ഒന്നാം സ്ഥാനത്ത് പഞ്ചാബിലെ അമൃത്സറാണ്. എക്സൈസിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് കൊച്ചിയിലെ ഹോട്ടലുകളിൽ ലഹരി പാർട്ടികൾ നിർത്തിയെങ്കിലും നഗരത്തിലെ വലിയ വീടുകളിൽ രഹസ്യമായി ലഹരി പാർട്ടികൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ലഹരിമരുന്ന് ഉപയോഗവും വില്പനയും വിതരണവും ഉണ്ടെങ്കിലും മറ്റു സ്ഥലങ്ങളിൽ പോലെ ലഹരിമരുന്നു മാഫിയ ഇല്ല. വ്യക്തികളാണ് ഇവിടെ ലഹരിമരുന്ന് വിതരണം ചെയ്യുന്നത്.
കേരളത്തിലേക്ക് വരുന്ന കഞ്ചാവിന്റെ 99 ശതമാനവും ആന്ധ്രയിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. താഴേക്കിടയിലുള്ളവരാണ് ഇപ്പോൾ കഞ്ചാവ് ഉപയോഗിക്കുന്നത്. മറ്റുള്ളവർ എൽഎസ്ഡി പോലെയുള്ള മയക്കുമരുന്നുകളാണ് ഉപയോഗിക്കുന്നത്. ലഹരിമരുന്നിനു എതിരേയുള്ള പോരാട്ടം വീടുകളിൽ നിന്നു തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ അമ്മമാർക്കേ കഴിയൂ. നമ്മുടെ വീടുകൾ മാറണം. അവിടെ സൗഹൃദാന്തരീക്ഷം ഉണ്ടാകണം. പരസ്പര സംസാരം ഉണ്ടാകണം. കുട്ടികൾ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് ക്ലാസ് മുറികളിലാണ്. അവരെ പിന്തിരിപ്പിക്കാനും നേർവഴിക്ക് കൊണ്ടുവരാനും അധ്യാപകർക്കാണ് കഴിയുക. എന്നാൽ, ഇപ്പോൾ അധ്യാപകർക്ക് കുട്ടികളെ പേടിയാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
കെഎംഎ മുൻ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ സി.എസ്. കർത്ത, ഓണററി സെക്രട്ടറി വി. ജോർജ് ആന്റണി എന്നിവർ പ്രസംഗിച്ചു.