കൊച്ചി: കൈകാലുകൾ ബന്ധിച്ച് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കുന്പളം – നെട്ടൂർ പാലത്തിനു സമീപം കായലിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വായിൽ തുണി തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യത്തിൽ രണ്ടോ അതിലധികമോ പേർക്ക് പങ്കുള്ളതായാണു പോലീസ് സംശയിക്കുന്നത്. ഇതുവരെ മൃതദേഹം തിരിച്ചറിയാനായിട്ടില്ലെങ്കിലും അന്വേഷണം ഉൗർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സൗത്ത് സിഐ സിബി ടോം രാഷ്ട്രദീപികയോടു പറഞ്ഞു.
50 കിലോയിലധികം തൂക്കമുള്ള മൃതദേഹം ഇത്രയുംതന്നെ തൂക്കമുള്ള കല്ലുമായി കൂട്ടിച്ചേർത്ത് കായലിൽ തള്ളിയതിനു പിന്നിൽ ഒരാളല്ലെന്നാണ് നിഗമനം. ഒരാൾക്കു സ്വന്തമായി ഈ പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയില്ല. കൊലപാതകത്തിനു പിന്നിൽ ആസൂത്രീതമായ നീക്കം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മരിച്ചത് മലയാളിയാണോ ഇതര സംസ്ഥാന തൊഴിലാണിയാണോ എന്നത് സംബന്ധിച്ചും സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് സിഐ പറഞ്ഞു. മൃതദേഹം ആരുടേതെന്ന് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ആരോണ് ജേക്കബ് എന്ന ബ്രാൻഡ് നെയിം ഇയാളുടെ ഷർട്ടിന്റെ കോളറിൽ പതിച്ചിട്ടുണ്ട്. ഇതുമാത്രമാണ് എന്തെങ്കിലും വിവരമായി പോലീസിന്റെ പക്കലുള്ളത്.
അതേസമയം, സമീപ ദിവസങ്ങളിൽ കാണാതായ ചെറുപ്പക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഉൾപ്പെടെ പോലീസ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
നിർമാണം നടന്നുവരുന്ന കുന്പളം – നെട്ടൂർ പാലത്തിനു സമീപത്തുനിന്നും കഴിഞ്ഞ ദിവസം രാവിലെയാണ് ജീർണിച്ച് പുഴുവരിച്ച മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികളുടെ ആരുടേതെങ്കിലും മൃതദേഹമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ, ഇതു സംബന്ധിച്ചൊന്നും വിവരം ലഭിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈയ്യും കാലും പ്ലാസ്റ്റിക്ക് റോപ്പ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹം കാണപ്പെട്ട പ്ലാസ്റ്റിക് ചാക്ക് കയറുകൊണ്ട് കോണ്ക്രീറ്റ് കട്ട നിറച്ച മറ്റൊരു ചാക്കുമായി കെട്ടിയിരുന്നു. മരിച്ചയാൾക്ക് 168 സെന്റീമിറ്ററോളം ഉയരമുണ്ട്. മഞ്ഞ പൂക്കളോടു കൂടിയ കടും നീല ഷർട്ടും വെള്ള മുണ്ടുമാണ് ഇയാൾ ധരിച്ചിരുന്നത്. ദുർഗന്ധം വമിക്കുന്ന ചാക്കുകെട്ട് കായലിൽ പൊങ്ങിക്കിടക്കുന്നത് പ്രദേശവാസികളാണ് ആദ്യം കണ്ടത്.