കൊച്ചി: നഗരത്തിലെ റോഡുകളിലെ കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മഴ, നിയമപരമായ അനുമതി തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ജോലികൾ വൈകിപ്പിക്കരുതെന്നും കൊച്ചി കോർപറേഷന് ഹൈക്കോടതി നിർദേശം നൽകി. എറണാകുളം നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സബർബൻ ട്രാവൽസ് ഉടമ കെ.പി. അജിത്കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹർജി പരിഗണിക്കവെ കലൂർ – കതൃക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പത്തു ദിവസത്തിനുള്ളിൽ നടത്തുമെന്ന് ജിസിഡിഎ അറിയിച്ചു. എന്നാൽ ഇതിനായി രണ്ടാഴ്ച സമയം അനുവദിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.വളഞ്ഞന്പലം-രവിപുരം റോഡിന്റെ ദുസ്ഥിതി ചൂണ്ടിക്കാട്ടി കത്ത് ലഭിച്ചെന്നും കോടതി വ്യക്തമാക്കി. റോഡുകൾ നന്നാക്കാനുള്ള സമയപരിധിയുടെ അവസാന ദിവസം വരെ കാത്തിരിക്കുന്നത് അനുവദിക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.
റോഡ് നന്നാക്കാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് തൃപ്പൂണിത്തുറ നഗരസഭയിലെ കരിങ്ങാച്ചിറയിൽ അപകടമരണമുണ്ടായത്. ലോകത്ത് മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ഈ വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കുമായിരുന്നു. നിർഭാഗ്യവശാൽ ഇവിടെ ഒന്നും നടക്കുന്നില്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. നഗര റോഡുകളിലെ വലിയ കുഴികൾ നികത്താൻ 24 മണിക്കൂറിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ അക്കാര്യം ചിത്രമെടുത്ത് സമർപ്പിക്കുന്ന വ്യക്തിക്ക് 500 രൂപ സമ്മാനമായി നൽകുന്ന പദ്ധതി മുംബൈ കോർപറേഷൻ നടപ്പാക്കിയിരുന്നുവെന്നും കോടതി വാക്കാൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എക്സി. എൻജിനീയർ എ. സുരേഷ്കുമാർ, പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗം എക്സി. എൻജിനീയർ എ. പ്രേംജിലാൽ എന്നിവർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇടപ്പള്ളി-കലൂർ ജംഗ്ഷൻ, ലിസി ജംഗ്ഷൻ-മാധവ ഫാർമസി റോഡ് എന്നിവയുടെ നിലവാരം ഉയർത്താനും അറ്റകുറ്റപ്പണിക്കും ടെൻഡർ ക്ഷണിച്ചുവെന്ന് സത്യവാങ്മൂലം പറയുന്നു. മാധവ ഫാർമസി-കെപിസിസി ജംഗ്ഷൻ വരെയുള്ള അറ്റകുറ്റപ്പണി നടത്തും. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി റോഡുകൾ വിവിധ പണികൾക്കായി കുഴിച്ചിട്ടുണ്ട്.
ഈ റോഡുകളിൽ വാട്ടർ അഥോറിറ്റി, കെഎസ്ഇബി എന്നിവയുടെ പണി പൂർത്തിയാക്കിയശേഷമേ അറ്റകുറ്റപ്പണി സാധ്യമാകൂ. കുണ്ടന്നൂർ ജംഗ്ഷനിലും സർവീസ് റോഡിലും ടൈലുകളിട്ടു. എംഎൽഎ ചെയർമാനായ പ്രത്യേക സമിതിയുടെ അനുമതിയുണ്ടെങ്കിലേ കേബിൾ സ്ഥാപിക്കാൻ റോഡ് കുഴിക്കാൻ അനുവദിക്കൂ. കുണ്ടന്നൂർ മേഖലയിലെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 24 ന് പൂർത്തിയാക്കി.
കുണ്ടന്നൂർ-തൃപ്പൂണിത്തുറ റോഡിൽ കെഎസ്ഇബിയുടെ വർക്ക് നടക്കുന്നതിനാൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയിട്ടില്ല. നവംബർ 16 ന് ഈ ജോലി തീരുന്നതോടെ ഇന്റർ ലോക്കിംഗ് ടൈലുകളിട്ട് റോഡ് നന്നാക്കും. വൈറ്റില ഭാഗത്ത് അറ്റകുറ്റപ്പണികളെ അദാനി ഗ്യാസ് പൈപ്പ് ലൈനിന്റെ പണികളും മോശം കാലാവസ്ഥയും ബാധിച്ചുവെന്നും സത്യവാങ്മൂലം പറയുന്നു.