കൊച്ചി: നഗരം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന മാഡ് മാക്സ് സംഘത്തിലെ പ്രധാനികള്‍ പിടിയിലായ കേസില്‍ പ്രതികള്‍ ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയുടെ വേസ്റ്റ് ബോക്സുകളില്‍.
കേസുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ബംബരാണ സക്കറിയ മന്‍സില്‍ ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32), ഇടുക്കി ഉടുമ്പന്‍ ചോല വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ടീം, എറണാകുളം ഐബി, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ കൈയില്‍ നി്ന്നും താമസസ്ഥലത്തും നിന്നുമായി അത്യന്തം വിനാശകാരിയ പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന വിളിപ്പേരുള്ള 3.300 കിലോ മുന്തിയ ഇനം കഞ്ചാവും മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്കുന്ന അതിമാരക മയക്കുമരുന്നായ 18 നൈട്രോസെപാം ഗുളികക (14.818 ഗ്രാം) ളും കണ്ടെടുത്തു.
വ്യത്യസ്ത ഇനം മയക്കുമരുന്നുകള്‍ തൂക്കുന്നതിനുള്ള റൗണ്ട് ടോപ്പ് വേയിംഗ് മെഷീന്, നാനോ വേയിംഗ് മെഷിന് , മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, വ്യത്യസ്ത അളവിലെ സിപ് ലോക്ക് കവറുകള്‍, മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇവരുടെ ആഡംബര ബൈക്ക്, ലഹരി വില്പനയിലൂടെ ലഭിച്ച 16,500 രൂപ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കറുത്ത പോളിത്തിന്‍ കവറുകളില്‍ ലഹരിമരുന്ന് വച്ച് പൊതിഞ്ഞ ശേഷം പുറത്ത് പേപ്പര്‍ ടാഗ് ചെയ്താണ് ഇവര്‍ നഗരസഭയുടെ വേസ്റ്റ് ബോക്സുകളില്‍ ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത്. വേസ്റ്റ് ബോക്സുകളില്‍ ഇട്ട ശേഷം ഫോട്ടോയും ലൊക്കേഷനും ഇടപാടുകാര്‍ക്ക് അയച്ചു നല്‍കും. ആര്‍ക്കും യാതൊരുവിധ സംശയവും തോന്നാത്ത രീതിയില്‍ രാത്രികാലങ്ങളിലായിരുന്നു സംഘം ലഹരിവില്പന നടത്തിയിരുന്നത്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസിന്റെ പ്രത്യേക സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മുന്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവരെയെല്ലാം സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി.എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിരീക്ഷിച്ച് വരുകയായിരുന്നു.
ഷേണായി എന്ന് വിളിക്കുന്ന സക്കറിയയും അമലും മയക്കുമരുന്നുകള്‍ സൂക്ഷിച്ച് വച്ച് വില്പന നടത്തുന്നുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് വൈറ്റില ചക്കരപ്പറമ്പിന് സമീപം ആവശ്യക്കാരെ കാത്ത് ആഡംബര ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇരുവരേയും എക്സൈസ് സംഘം വളയുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായ പ്രതികള്‍ അക്രമാസക്തരായി വളരെ അപകടകരമായ രീതിയില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘത്തിന്റെ സംയോജിതമായ ഇടപെടലിലൂടെ ഇവരുവരേയും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
കാസര്‍ഗോഡ് സ്വദേശികള്‍ക്കായി അന്വേഷണം ഊര്‍ജിതം
മാഡ് മാക്സ് സംഘത്തിലെ മുഖ്യ കണ്ണികളായ കാസര്‍ഗോഡ് സ്വദേശികള്‍ക്കായി എക്സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. മൈസൂരില്‍നിന്ന് കാസര്‍ഗോഡ് സ്വദേശികള്‍ നേരിട്ടു പോയാണ് ലഹരിമരുന്ന് കൊച്ചിയിലെത്തിക്കുന്നത്. ഇത് വില്പന ചെയ്യുന്ന ജോലിയായിരുന്നു സക്കറിയയുടേയും അമലിന്റേതും. മറ്റൊരു കമ്പനിയുടെ പേരിലാണ് ഇവര്‍ ബാങ്ക് അക്കൗണ്ട് എടുത്തിരിക്കുന്നത്. ഇതിലേക്ക് എത്തിയ വന്‍ തുകയെക്കുറിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്രാമിന് 1,200 രൂപ പ്രകാരം മൈസൂരില്‍നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ 2,000 രൂപയ്ക്കാണ് സംഘം വില്പന നടത്തിയിരുന്നത്. മൈസൂര്‍ മാംഗോയ്ക്ക് ഒരു കിലോയ്ക്ക് 5,000 രൂപയാണ്. അത് കൊച്ചിയിലെത്തിച്ച് ചെറിയ പാക്കുകളാക്കി ഒരു പാക്കിന് 500 രൂപ നിരക്കിലായിരുന്നു വില്പന നടത്തിയിരുന്നത്. 71 രൂപയുള്ള ഒരു ഷീറ്റ് നൈട്രോ സെപ്പാം ഗുളികയ്ക്ക് 200 രൂപ വരെ സംഘം ഈടാക്കിയിരുന്നു.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി. എക്സൈസ് കമ്മീഷണര്‍ ടി. അനികുമാര്‍, എറണാകുളം സിഐ എം.എസ്. ജനീഷ് കുമാര്‍, സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, ഐ.ബി. പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, എറണാകുളം സര്‍ക്കിളിലെ അസി. ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍ എസ്. ശരത്ത്, വി.എം. ദീപക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.