കൊച്ചിയിലെ വെടിവയ്പില്‍ നടി ലീന പോളും സംശയനിഴലില്‍, മുംബൈയിലുള്ള അധോലോകരാജാവ് രവി പൂജാരിയും നടിയും തമ്മിലെന്ത് ബന്ധം? അധോലോകസംഘം സെക്യൂരിറ്റിക്കാരനെ കണ്ടാല്‍ ഓടുമോ? വെടിവയ്പിലെ വില്ലനര്?

സൂര്യനാരായണന്‍

നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തില്‍ ദുരൂഹതയേറുന്നു. ശനിയാഴ്ചയാണ് കൊച്ചി പനന്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ദി നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിനു നേരേ വെടിവയ്പുണ്ടാകുന്നത്. ലീന മരിയ പോള്‍ സംഭവസ്ഥലത്തില്ലാത്തപ്പോള്‍ ഒരു അധോലോക സംഘത്തിനു വെടിവയ്പ് നടത്തേണ്ടതില്ലെന്ന നിഗമനം തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.

സെക്യൂരിറ്റിയെ കണ്ടപ്പോള്‍ അധോലോസംഘത്തിലെ അംഗങ്ങള്‍ വെടിവച്ചിട്ട് ഇറങ്ങി ഓടുക എന്നതും വിശ്വസിക്കാന്‍ കഴിയില്ല. ഒന്നെങ്കില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള തിരക്കഥയായിരിക്കുമെന്നു പോലീസ് സംശയിക്കുന്നു. പല രീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്. വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന നടിയാണ് ലീന മരിയ പോള്‍.

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള നടിയുടെ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടെന്ന സംശയത്തില്‍ തന്നെയായിരുന്നു തുടക്കം മുതലെ പോലീസ് സംഘം. രവി പൂജാരി എന്നെഴുതിയ കടലാസ് തിടുക്കത്തില്‍ ഉപേക്ഷിച്ച് പോയതാണ് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ സിനിമകളിലൂടെയാണ് ലീന പോള്‍ മലയാളികള്‍ക്ക് പരിചിതയാകുന്നത്.

സാമ്പത്തിക തട്ടിപ്പുകളുടെ പേരിലാണ് ലീന പോള്‍ കൂടുതലും വാര്‍ത്തകളില്‍ നിറയുന്നത്. 2013ല്‍ 19 കോടിയുടെ തട്ടിപ്പിന്റെ പേരിലാണ് ലീനയും കൂട്ടാളി സുകേഷ് ചന്ദ്രശേഖറും ദില്ലിയില്‍ അറസ്റ്റിലാകുന്നത്. 2015 ല്‍ മറ്റൊരു കേസില്‍ ഇരുവരെയും മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷക വിഭാഗവും അറസ്റ്റ് ചെയ്തിരുന്നു.

പിന്നില്‍ അധോലോകം

കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ അന്വേഷണം മുംബൈ അധോലോക സംഘത്തിലേക്കു നീളാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല. മുംബൈ അധോലോക സംഘങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നു പോലീസ് പറയുന്നു. ബ്യൂട്ടി പാര്‍ലറില്‍ രണ്ടംഗ സംഘം വെടിയുയര്‍ത്തിയതിന്റെ വെളിച്ചത്തില്‍ നടി ലീന മരിയ പോളിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.

അക്രമികളെ കണ്ടെത്താന്‍ ലീനയുടെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇവരെ കൊച്ചിയിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇവരുടെ ഹവാല ബന്ധവും അന്വേഷിക്കും. മൊഴിയെടുപ്പിനു ഹാജരാകാന്‍ ലീനയോടു പോലീസ് ആവശ്യപ്പെട്ടുകഴിഞ്ഞു. നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് സംശയിക്കുന്നു.

അതേസമയം, നഗരത്തിലെ സ്ഥിരം ക്രിമിനലുകളടക്കമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ കുറിച്ചു കൃത്യമായ വിവരമൊന്നും പോലീസിനു ലഭിച്ചിട്ടില്ല. നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ മുമ്പു പ്രതിയായിട്ടുള്ള ലീന മരിയ പോളിനും പങ്കാളി സുകാഷ് ചന്ദ്രശേഖറിനും രാജ്യത്തെ വന്‍കിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം നേരത്തെ കണ്ടെത്തിയിരുന്നു.

ആരാണ് രവി പൂജാരി

കൊച്ചി നഗരത്തില്‍ അധോലോക സംഘം ആഡംബര ബ്യൂട്ടി പാര്‍ലറിലേക്കു നിറയൊഴിച്ചതോടെയാണ് രവി പൂജാരിയുടെ പേര് വീണ്ടും ചര്‍ച്ചയാകുന്നത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയും ചലച്ചിത്ര നടിയുമായ ലീനയില്‍ നിന്ന് പണം ആവശ്യപ്പെട്ട് പലതവണ മുംബൈ അധോലോകത്തില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ക്വട്ടേഷന്‍ ആക്രമണം.

രവി പൂജാരിയുടെ പേരിലായിരുന്നു ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് പോലീസിനു നടി മൊഴി നല്‍കിയെന്നാണ് വിവരം. 25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പണം നല്‍കാന്‍ ഉടമ തയാറായില്ല. പോലീസില്‍ അറിയിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. വെടിവയ്പിനു ശേഷം രണ്ടംഗ അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

ബ്യൂട്ടിപാര്‍ലറിലേക്ക് നിറയൊഴിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ അക്രമി സംഘം മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഇതിലും രവി പൂജാരിയുടെ പേരുണ്ടായിരുന്നു. ഇതോടെ കേരളത്തിലും രവി പൂജാരിക്ക് വേരുകളുണ്ടെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുകയാണ്. ലീനാ മരിയാ പോളിന്റെ സ്ഥാപനത്തിലെ വെടിവയ്പിലെ ദുരൂഹത നീക്കി രവി പൂജാരിയിലേക്ക് എത്താന്‍ ദേശീയ അന്വേഷണ ഏജന്‍സികളും പദ്ധതികള്‍ തയാറാക്കുന്നുണ്ട്. ഇതോടെ കൊച്ചിയിലെ വെടിവയ്പ് ദേശീയ ശ്രദ്ധയിലുമെത്തും.

ലക്ഷ്യം തെറ്റാതെ വെടിയുതിര്‍ക്കുന്ന പ്രഫഷണലുകള്‍ രവി പൂജാരിയുടെ സംഘത്തിന്റെ കരുത്താണ്. ദാവൂദ് ഇബ്രാഹിം ഇന്ത്യ വിട്ടതോടെ മുംബൈയിലും അധോലോക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ രവി പൂജാരി ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ പേടി സ്വപ്നമാണ്. ആദ്യം ഒന്നു വിരട്ടുക. വഴങ്ങിയില്ലെങ്കില്‍ വകവരുത്തുക ഇതാണ് രവി പൂജാരിയെന്ന ഡോണിന്റെ പ്രവര്‍ത്തനം രീതി.

ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള രവി പൂജാരി വേഷം മാറി തട്ടകമായ മാംഗ്ലൂരില്‍ എത്തുക പതിവാണ്. ഇത്തരത്തില്‍ രാജ്യം തേടുന്ന കുറ്റവാളിയാണ് കൊച്ചിയിലെ വെടിവയ്പ്പ് കേസിലും പ്രതിസ്ഥാനത്ത് എത്തുന്നത്. ലീന മരിയ പോളുമായി രവി പൂജാരിക്കുള്ളത് ഏത് തരത്തിലെ ബന്ധമാണെന്നതാണ് പൊലീസിനെ കുഴക്കുന്നത്. രവി പൂജാരിക്കെതിരേ കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി 102 കേസുകളുണ്ട്.

Related posts