കൊച്ചി: ആഡംബര ഹോട്ടലുകളിലെ റേവ് പാർട്ടികളേയും യുവാക്കളേയും കേന്ദ്രീകരിച്ച് കൊച്ചിയിൽ വൻ മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു. മരണകാരണംവരെ ആയേക്കാവുന്ന അതിമാരക മയക്കുമരുന്നുമായി ഇന്നലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത ആലുവ സ്വദേശി ഇതിലൊരു കണ്ണിമാത്രമാണ്. ഇയാൾക്കു പിന്നിൽ വൻ മയക്കുമരുന്നു മാഫിയയാണെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. ഇവ കണ്ടെത്താൻ ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഇവർ.
കാലിഫോർണിയ – ഒൻപത് എന്നറിയപ്പെടുന്ന അതിമാരകമായ മയക്കുമരുന്നുമായി ആലുവ കീഴ്മാട് സ്വദേശി ഇടയത്താളിൽ വീട്ടിൽ സഫർ സാദിഖ് (24) എന്നയാളെയാണ് എക്സൈസിന്റെ നാർക്കോടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് പിടികൂടിയത്. ഇയാളിൽ നിന്ന് 25 സ്റ്റാംപ് എൽഎസ്ഡിയും പിടിച്ചെടുത്തിരുന്നു. ഗോവയിൽ നിന്ന് 20000 രൂപയ്ക്ക് വാങ്ങിയ മയക്കുമരുന്ന് 30000 രൂപയ്ക്ക് കേരളത്തിൽ വിൽപ്പന നടത്തുന്നതിനായിരുന്നു ശ്രമം.
നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയിൽ നിന്നും ഇന്റലിജന്റ്സ് ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിൽ വിൽപ്പന നടക്കുന്നതിന് മുൻപ് തന്നെ ഇയാളെ പിടികൂടാൻ എക്സൈസിനായി. ആർക്ക് വിൽക്കുന്നതിനാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്നത് സംബന്ധിച്ച് പ്രതിയിൽ നിന്ന് വ്യക്തതയൊന്നും ലഭിച്ചിട്ടില്ല. കോടതിയിൽ ഹാജരാക്കി ഇന്നലെ തന്നെ സഫറിനെ റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിന് ഇയാളെ കസ്റ്റഡയിൽ വാങ്ങാനും ഉദ്ദേശമുണ്ട്.
ഗോവയിലെ ഡ്രഗ് മാനുഫാക്ചറിംഗ് യൂണിറ്റുകളിൽ നിന്നാണ് ഇത്തരത്തിലുള്ള മാരകമായ മയക്കുമരുന്നുകൾ എത്തിക്കുന്നത്. ആഫ്രിക്കയിൽ നിന്ന് ഗോവയിൽ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് എക്സൈസ് വിഭാഗം. ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസർജിക്ക് ആസിഡ് ഇത് പുരട്ടിയ സ്റ്റാന്പാണ് പിടികൂടിയത്. 360 മൈക്രോഗ്രാം ലൈസർജിക്ക് ആസിഡ് കണ്ടൻറുള്ള സ്റ്റാന്പാണ് പിടികൂടിയത്. നേരിട്ട നാക്കിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഇവ ഒരെണ്ണം 36 മണിക്കൂർ ഉ·ാദ അവസ്ഥയിൽ നിർത്താൻ ശേഷിയുണ്ട്. നാക്കിലും ചൂണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് കൂടിയാൽ ഉപയോഗിക്കുന്നയാൾ മരണപ്പെടാൻ സാധ്യതയുണ്ട്.
എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.സുരേഷ്, ഇൻസ്പെക്ടർ പി.ശ്രീരാജ്, പ്രിവന്റിവ് ഓഫിസർ രാം പ്രസാദ്, സിഇഒമാരായ എം.എം. അരുണ് കുമാർ, വിപിൻദാസ് ഹരിദാസ്, രതീഷ് പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.