കൊച്ചി: മട്ടാഞ്ചേരിയിൽ നിന്നും 503 ആംപ്യൂളുകളും 140 നെട്രസപാം ഗുളികകളും പിടികൂടിയ സംഭവത്തിൽ പ്രതിയെ റിമാൻഡ് ചെയ്തു. കൊച്ചി പള്ളുരുത്തി, പെരുന്പടപ്പ് കോണം കരയിൽ കട്ടത്തറ വീട്ടിൽ ഗുലാബ് (46) ആണ് റിമാൻഡിലായത്.
എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്.
ഗുലാബിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. ജില്ലയിൽ തന്നെയുള്ള ഇവർക്കായി അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
തോപ്പുംപടി പനയപ്പിള്ളിയിലെ ഗോൾഡൻ മുക്കിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഗുലാബ് മുന്പും ആംപ്യൂൾ കേസിൽ പ്രതിയായിട്ടുള്ളയാളാണ്. മയക്കുമരുന്നുകൾ വീട്ടിനുള്ളിൽ സൂക്ഷിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുകയായിരുന്നു. ആവശ്യക്കാരായ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് ഇഞ്ചക്ഷൻ ചെയ്തു കൊടുക്കുന്ന പ്രതി ഒരേ സിറിഞ്ചു തന്നെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
ബുപ്രിനോർഫിൻ കാൻസർ രോഗത്തിന് വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ്. കറുപ്പ് അഥവാ ഒപ്പിയത്തിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. ഒരു ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. 503 ആംപ്യൂളുകളിൽ 1006 ഗ്രാം ബൂപ്രിനോർഫിൻ അടങ്ങിയിട്ടുണ്ട്. ഒരു ആംപ്യൂളിൽ രണ്ടു ഗ്രാം ബൂപ്രിനോർഫിൻ അടങ്ങിയിട്ടുണ്ട്.
ടിഡിജെസിക് എന്ന ബ്രാന്റിലാണ് ആംപ്യൂളുകൾ അറിയപ്പെടുന്നത്. കടുത്ത അഡിക്ഷൻ ഉണ്ടാക്കുന്ന മയക്കുമരുന്നാണ് ബൂപ്രിനോർഫിൻ. ഒരു സിറിഞ്ചിൽ നിന്നും പലരും കുത്തിവെക്കുന്നതു കൊണ്ട് എയ്ഡ്സ്, ഹെപ്പൈറ്റൈറ്റിസ് ബി തുടങ്ങിയ മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് സാധ്യതയുണ്ട്. ഗുലാബ് സ്ഥിരമായി മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വ്യക്തിയാണ്.