ബിനീഷ് പണിക്കർ
കൊച്ചി: കൊച്ചി മെട്രോ കാക്കനാട്ടേക്കു ദീർഘിപ്പിക്കുന്നതിനു നേതൃത്വം നൽകാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനും (ഡിഎംആർസി) മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനും ഉണ്ടാകാനിടയില്ലെന്നു സൂചന. നിലവിൽ നടക്കുന്ന ആലുവ- പേട്ട ഫെസ് വണ്‍ നിർമാണം പൂർത്തിയാക്കുന്നതോടെ കൊച്ചി മെട്രോ പദ്ധതിയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കാനാണ് ഡിഎംആർസി ഇപ്പോഴത്തെ സാഹചര്യത്തിൽ ആലോചിക്കുന്നത്. 30നു ഡൽഹിയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഡയറക്ടർ ബോർഡ് യോഗം ഫെസ് വണ്ണിലെ കരാർ ഡിഎംആർസിക്കു പുതുക്കി നൽകാനാണ് തീരുമാനിച്ചത്.
ആലുവ മുതൽ പേട്ടവരെയുള്ള കൊച്ചി മെട്രോയുടെ ഫേസ് വണ്‍ പിന്നീട് രണ്ടു കിലോമീറ്റർ കൂടി ദീർഘിപ്പിച്ച് തൃപ്പുണിത്തുറ വരെ നീട്ടാൻ തീരുമാനിച്ചെങ്കിലും അതിനു ഇന്നേവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പേട്ട വരെയുള്ള നിർമാണം പൂർത്തിയാക്കി പദ്ധതിയിൽ നിന്നു പിൻവാങ്ങുന്ന കാര്യം ആലോചിക്കുന്നത്. ഇതിനിടെ പേട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്തിനു അനുമതി കിട്ടുകയാണെങ്കിൽ ആ സ്ട്രെച്ചിൽ കൂടി പങ്കാളിയായേക്കും.ഏറെ വിവാദങ്ങൾക്കുശേഷം ആലുവ മുതൽ പേട്ട വരെയുള്ള ഫെസ് വണ്ണിന്റെ നിർമാണ മേൽനോട്ടം 2013ലാണ് ടേണ്‍ കി അടിസ്ഥാനത്തിൽ ഡിഎംആർസിയെ ഏൽപ്പിച്ചത്.
2013 മേയ് 31 മുതൽ 2017 മേയ് 31 വരെയായിരുന്നു കരാർ കാലാവധി. ഭൂമി വില ഒഴികെയുള്ള പദ്ധതി ചെലവിന്റെ ആറു ശതമാനമാണ് ഡിഎംആർസിക്കു പ്രതിഫലം. 241.8396 കോടി രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാൽ കരാർ കാലാവധി നീട്ടിയ പശ്ചാത്തലത്തിൽ 42.71 കോടി രൂപ അധികമായി നൽകുന്നതിനും കഴിഞ്ഞ ദിവസം ചേർന്ന കെഎംആർഎൽ യോഗം തീരുമാനിച്ചു. ആലുവ-പാലാരിവട്ടം 13 കിലോമീറ്റർ പാത പൂർത്തീകരിച്ചു ഈ മാസം 17നു കമ്മീഷൻ ചെയ്യും. മഹാരാജാസ് സ്റ്റേഷൻ വരെയുള്ള നിർമാണം ഓഗസ്റ്റിനകം പൂർത്തിയാക്കും.
സ്ഥലമെടുപ്പ് വൈകൽ അടക്കമുള്ള നിരവധി കാരണങ്ങളാൽ മഹാരാജാസ് മുതലുള്ള നിർമാണം നീണ്ടുപോകുകയാണ്. മഹാരാജാസ് മുതൽ പേട്ട വരെയുള്ള നിർമാണത്തിനായി കരാർ എടുത്തവർ നിർമാണത്തിൽ വീഴ്ച വരുത്തിയതിനാൽ അവിടേത്തേക്കു വീണ്ടും കരാറുകാരെ കണ്ടെത്താനായി ടെൻഡർ വിളിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. രണ്ടര വർഷം കൊണ്ടു ഫേസ് വണ്ണിലെ ജോലികൾ പൂർത്തിയാക്കാനാണ് ഡിഎംആർസിയുടെ ലക്ഷ്യം. രണ്ടു വർഷത്തിനകം നിർമാണം ചന്പക്കര വരെ എത്തിക്കാമെന്ന് കണക്ക് കൂട്ടുന്നത്.
തുടർന്ന് ആറു മാസം കൊണ്ടു പേട്ട വരേയും. അതേസമയം, കാക്കനാട്ടേക്കു മെട്രോ ദീർഘിപ്പിക്കുന്നതിനു ജനറൽ കണ്‍സൾട്ടന്റിനെ കണ്ടെത്തുന്നതിനായി ആഗോള ടെൻഡർ വിളിക്കാനാണ് കെഎംആർഎൽ അധികൃതർ ആലോചിക്കുന്നത്. ഡിഎംആർസി അടക്കമുള്ള ഏത് ഏജൻസിക്കും ഈ ടെൻഡറിൽ സംബന്ധിക്കാമെന്നും അവർ വ്യക്തമാക്കി. സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷൻ മേഖലയിൽ ഏറ്റവും അനുഭവ പരിചയം ഉള്ളവരെ തന്നെ നിർമാണം ഏൽപ്പിക്കുന്നതിനു ഇതു സഹായിക്കും. മെട്രോ ഫേസ് വണ്ണിലേക്കു ആഗോള ടെൻഡർ വിളിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും ടേണ്‍ കി വ്യവസ്ഥയിൽ നിർമാണ ജോലികളുടെ മേൽനോട്ടം ഡിഎംആർസിയെ ഏൽപ്പിക്കുകയായിരുന്നു.
കൊച്ചി മെട്രോയുടെ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെ 11.2 കിലോ മീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടത്തിനായി 2577 കോടി മുതൽമുടക്കു വേണ്ടിവരുന്ന പുതുക്കിയ പദ്ധതി കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അന്തിമ അനുമതി കാത്തുകിടക്കുകയാണ്. 2017. 46 കോടി രൂപയായിരുന്നു ഈ പാതയുടെ ആദ്യ പദ്ധതി അടങ്കൽ. പാലാരിവട്ടം ബൈപാസ്, ചെന്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജംഗ്ഷൻ, കൊച്ചി സെസ്, ചിറ്റേറ്റുകര, രാജഗിരി, ഇൻഫോപാർക്ക് ഒന്ന്, ഇൻഫോപാർക്ക് രണ്ട് എന്നി സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്.
പദ്ധതിയുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 189 കോടി രൂപ കഴിഞ്ഞ വർഷം ആദ്യം അനുവദിച്ചിരുന്നു. റോഡ് വീതി കൂട്ടൽ അടക്കമുള്ള പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഇതിനുള്ള സ്ഥലം ഏറ്റെടുക്കൽ ജോലികൾ നടന്നുവരികയാണ്. മെട്രോ കാക്കനാട്ടേക്ക് ദീർഘിപ്പിക്കുന്നതിനു ഉടൻ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17നു മെട്രോയുടെ ആലുവ -പാലാരിവട്ടം പാതയുടെ കമ്മീഷനിംഗ് നടക്കുന്പോൾ പ്രധാനമന്ത്രി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതി കിട്ടുന്ന മുറയ്ക്കു പദ്ധതിക്കു മേൽനോട്ടം നൽകുന്ന ജനറൽ കണ്‍സൾട്ടന്റിനെ കണ്ടെത്താനുള്ള ആഗോള ടെൻഡർ നടപടികളിലേക്ക് കെഎംആർഎലും നീങ്ങും.