കൊച്ചി: കൊച്ചിയുടെ വികസന കുതിപ്പിനു വേഗവും പുതിയ മാനവും നൽകി, കൊച്ചി മെട്രോയുടെ രണ്ടാം റീച്ചിലെ ട്രാക്കിൽ ട്രെയിൻ ഓടാൻ ഒരുനാൾ മാത്രം. നാളെ രാവിലെ 10.30നു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ജെഎൽഎൻ സ്റ്റേഡിയം) സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും ചേർന്നു പച്ചക്കൊടി വീശുന്നതോടെ കൊച്ചിയുടെ നഗരമധ്യത്തിലേക്ക് ആകാശപാതയിലൂടെ മെട്രോ ഓടിത്തുടങ്ങും.
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു മൂന്നു മാസത്തിനും 15 ദിവസത്തിനും ശേഷമാണു മഹാരാജാസ് സ്റ്റേഷൻ വരെയുള്ള രണ്ടാംഘട്ട ഉദ്ഘാടനം നടക്കുന്നത്. എറണാകുളം ടൗണ്ഹാളാണു ഉദ്ഘാടന വേദി.രാവിലെ 11നു കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം-മഹാരാജാസ് പാതയിലെ മെട്രോ സർവീസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന മന്ത്രിമാരും സ്ഥലം എംഎൽഎ, എംപി, മേയർ, ഡിഎംആർസിയുടെയും കെഎംആർഎലിന്റെയും പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരാകും. രണ്ടാം റീച്ചിലെ ആദ്യ സ്റ്റേഷനായ ജെഎൽഎൻ സ്റ്റേഡിയത്തിൽ ഫ്ളാഗ് ഓഫിനു ശേഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റു ക്ഷണിക്കപ്പെട്ട അതിഥികളും മെട്രോ ട്രെയിനിൽ മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ വരെയും തിരിച്ചും യാത്ര ചെയ്ത ശേഷം റോഡ് മാർഗം ഉദ്ഘാടന വേദിയിലേക്കു പോകും.
നരേന്ദ്രമോദി പങ്കെടുത്ത ഉദ്ഘാടന ചടങ്ങുപോലെ അത്ര കെങ്കേമമായിരിക്കില്ലെങ്കിലും മോടിയ്ക്ക് ഒട്ടും കുറവുവരുത്താതെ ചെലവു കുറച്ചുള്ള ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാനാണു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഒരുങ്ങുന്നത്. പാലാരിവട്ടം മുതൽ മഹാരാജാസ് വരെ അഞ്ചു കിലോമീറ്റർ മെട്രോ പാതയാണു രണ്ടാംഘട്ടമായി ഉദ്ഘാടനം ചെയ്യുന്നത്. മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനായ ജെഎൽഎൻ സ്റ്റേഡിയം ഉൾപ്പടെ അഞ്ചു സ്റ്റേഷനുകൾ ഉണ്ട്.
കലൂർ, ലിസി, എംജി റോഡ്, മഹാരാജാസ് ഗ്രൗണ്ട് എന്നിവയാണു മറ്റു സ്റ്റേഷനുകൾ. നഗരമധ്യത്തിലേക്കു മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടാകും. കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തു കോടിയിലേറെ രൂപ ടിക്കറ്റ് ഇനത്തിൽ വരുമാനം ഉണ്ടായതായാണ് കണക്ക്. ശരാശരി 30,000 രൂപയുടെ വരുമാനം ദിവസം ഉണ്ടാകാറുണ്ടെന്ന് കെഎംആർഎൽ വ്യക്തമാക്കുന്നു. സ്ഥിരം യാത്രക്കാർക്ക് നിരക്കുകളിൽ ഇളവ് അനുവദിക്കുന്നത് അടക്കമുള്ള പരിഷ്കാരങ്ങൾ നടത്തി കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളും ഉണ്ട്. ഇവയുടെ പ്രഖ്യാപനവും ഉദ്ഘാടന ചടങ്ങിൽ ഉണ്ടായേക്കും.
പുതിയ റീച്ചിൽ കൂടി സർവീസ് ആരംഭിക്കുന്പോൾ മൂന്നു ട്രെയിനുകൾ അധികമായി ട്രാക്കിൽ ഇറക്കേണ്ടിവരും. ആലുവ മുതൽ പാലാരിവട്ടം വരെ നിലവിൽ ആറു ട്രെയിനുകൾ നിശ്ചിത ഇടവേളയിൽ ഓടുന്നുണ്ട്. മഹാരാജാസ് ഗ്രൗണ്ട് വരെയാകുന്പോൾ അത് ഒൻപതാകും. അത്യാവശ്യ ഘട്ടത്തിൽ പകരം ഓടിക്കുന്നതിനായി രണ്ടു ട്രെയിനുകൾ മുട്ടത്തെ യാർഡിലും ഉണ്ടാകും. രാവിലെ 6.25നാണു ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ. മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് ആലുവയിലേക്കുള്ള അവസാന ട്രിപ്പ് രാത്രി പത്തിനും പുറപ്പെടും.
ഉദ്ഘാടനത്തിനു മുന്നോടിയായി സ്റ്റേഷന്റെയും മറ്റും പണികൾ അവസാനഘട്ടത്തിലാണ്. സ്റ്റേഷനുള്ളിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ പൂർണമായും ക്രമീകരിച്ചു കഴിഞ്ഞു. പെയിന്റിംഗ് ജോലികൾ ഇന്ന് ഉച്ചയോടെ പൂർത്തിയാകും. തുടർന്നു ക്ലീനിംഗ് ജോലികൾ ആരംഭിക്കും. സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന ടിക്കറ്റിംഗ് മെഷീനുകളുടെയും ടിക്കറ്റ് സ്കാനിംഗ് മെഷീനുകളുടെയും പ്രവർത്തനങ്ങൾ ഇന്നലെയും പലതവണ പരിശോധിച്ച് ഉറപ്പാക്കി. സ്റ്റേഷൻ കണ്ട്രോൾ റൂമിലെ സാങ്കേതിക സംവിധാനങ്ങളും പരിശോധിച്ചു. എല്ലാം പൂർണസജ്ജമാണെന്നു കെഎംആർഎൽ അധികൃതർ അറിയിച്ചു.