കൊച്ചി: കൊച്ചി മെട്രോയുടെ ആറു സ്റ്റേഷനുകളിൽ കാര്യമായ വരുമാനമില്ല. പ്രതിദിനം 30,000 രൂപയിൽ താഴെ മാത്രമാണ് ഈ സ്റ്റേഷനുകളിലെ വരുമാനം. പുളിഞ്ചോട് (26,907), ചങ്ങന്പുഴ പാർക്ക് (26,433), പത്തടിപ്പാലം (20,276), കന്പനിപ്പടി (17,972), മുട്ടം (10,631), അന്പാട്ട്കാവ് (7,500) എന്നിവയാണു വരുമാനം കുറഞ്ഞ സ്റ്റേഷനുകൾ.
ആലുവ, ഇടപ്പള്ളി, മഹാരാജാസ് സ്റ്റേഷനുകളിൽ രണ്ടു ലക്ഷത്തിനു മുകളിൽ വരുമാനമുണ്ട്. മെട്രോ വരുമാനത്തിന്റെ 60 ശതമാനത്തോളം ഈ സ്റ്റേഷനുകളിൽനിന്നാണ്. എംജി റോഡ്, ലിസി, കലൂർ, ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കുസാറ്റ്, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിൽ 30,000 – ഒരു ലക്ഷം ആണു വരുമാനം.
വിശദ പദ്ധതിരേഖ പ്രകാരം മെട്രോ പൂർണതോതിലായാൽ പ്രതിദിനം 3.81 ലക്ഷം യാത്രക്കാർ യാത്രചെയ്യുമെന്നായിരുന്നു കണക്ക്. 90 ലക്ഷം രൂപ വരുമാനവും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പകുതിയിലധികം നിർമാണം പൂർത്തിയാക്കി സർവീസ് ആരംഭിച്ച് ഒരു വർഷമാകുന്പോൾ ശരാശരി 35,000 യാത്രക്കാർ മാത്രമേ മെട്രോ ഉപയോഗിക്കുന്നുള്ളൂ. വരുമാനമാകട്ടെ 12 ലക്ഷം മാത്രം. ഇതുവരെ 30 കോടി രൂപയാണു കൊച്ചി മെട്രോ ട്രെയിൻ സർവീസിൽനിന്നു ലഭിച്ചിട്ടുണ്ട്. ഇതിൽ നാലു കോടി ആദ്യ മാസത്തെ മാത്രം വരുമാനമാണ്.
രണ്ടാംഘട്ടത്തിന്റെ ഭാഗമായി മഹാരാജാസ് വരെ മെട്രോ എത്തിയപ്പോൾ ചെറിയ തോതിൽ വരുമാന വർധനയുണ്ടായി. എന്നാലിതു ദൈനംദിന ചെലവിനു പോലും മതിയാകുന്നില്ല. ഇപ്പോൾ പ്രതിദിനം 22 ലക്ഷത്തോളം രൂപ നഷ്ടത്തിലാണു മെട്രോ. മാസ നഷ്ടം 6.60 കോടിയും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ടിക്കറ്റ് വരുമാനത്തിൽനിന്ന് 7.14 കോടി രൂപ കിട്ടിയപ്പോൾ 4.55 കോടി രൂപ ജീവനക്കാർക്കു ശന്പളമായി നല്കേണ്ടിവന്നു.
ടിക്കറ്റിതര വരുമാനമായി 5.16 ലക്ഷം രൂപ ലഭിച്ചു. മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവിനു മാത്രം 38 ലക്ഷം വരും. വരുമാനമാർഗങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അത്തരം മാർഗങ്ങൾ ഇനിയും ഫലപ്രദമായി ഉപയോഗിക്കാൻ കെഎംആർഎലിനു കഴിയുന്നില്ല. യാത്രക്കാരുടെ സൗകര്യത്തിനായി ഏർപ്പെടുത്തിയ കൊച്ചി വണ് സ്മാർട്ട് കാർഡും ഇതര ടിക്കറ്റ് സംവിധാനങ്ങളും ഏറെക്കുറെ നിശ്ചലമായ മട്ടാണ്. സീസണ് ടിക്കറ്റ് സൗകര്യമൊരുക്കുമെന്നു വാഗ്ദാനം ചെയ്തിട്ടും അതൊന്നും നിലവിൽ വന്നിട്ടില്ല.
കൊച്ചി: കൊച്ചി മെട്രോയുടെ വരുമാനത്തിൽ വർധന ഉണ്ടാകുന്നുണ്ടെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി എ.പി.എം. മുഹമ്മദ് ഹനീഷ്. യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതാണു കാരണം. ഡിസംബർ വരെ 28,000 യാത്രക്കാരാണ് പ്രതിദിനം മെട്രോയിൽ സഞ്ചരിച്ചിരുന്നതെങ്കിൽ കഴിഞ്ഞ മൂന്നു മാസമായി യാത്രക്കാരുടെ എണ്ണം 35,000 ആയി ഉയർന്നു.
ലോകത്തെങ്ങുമുള്ള മെട്രോയിൽ ലാഭത്തിൽ ഓടുന്നത് സിംഗപ്പുർ, ഹോങ്കോംഗ് മെട്രോകൾ മാത്രമാണ്. യാത്രക്കാർ കയറുന്നതുകൊണ്ടല്ല, ടിക്കറ്റിതര വരുമാനത്തിലൂടെയാണ് ഈ മെട്രോകൾ ലാഭത്തിൽ പ്രവർത്തിക്കുന്നത്. കൊച്ചി മെട്രോ അനുബന്ധമായുള്ള വരുമാന മാർഗങ്ങൾക്കായി കണ്ടെത്തിയിട്ടുള്ള പദ്ധതികൾ വേഗത്തിൽ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.