കൊച്ചി: മദ്യലഹരിയിൽ യാത്രക്കാരൻ മെട്രോ ട്രാക്കിലൂടെ ഓടിയ സംഭവത്തിൽ കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) പ്രോജക്ട്സ് ഡയറക്ടർ തിരുമൻ അർച്ചുനൻ എംഡി എ.പി.എം. മുഹമ്മദ് ഹനീഷിനു റിപ്പോർട്ട് സമർപ്പിച്ചു. മദ്യപരെ മെട്രോയിൽ പ്രവേശിപ്പിക്കുന്നത് കർശനമായി നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്തി പോലീസിനു കൈമാറാനാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
മദ്യപരെ കണ്ടെത്തി യാത്രയിൽ നിന്ന് അവരെ ഒഴിവാക്കാനും മറ്റു മെട്രോകളിൽ അവലംബിച്ചിട്ടുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മെട്രോ നിയമം അനുസരിച്ച് മദ്യപിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നതുകുറ്റകരമാണെങ്കിലും ഇതു കണ്ടെത്താൻ ശാസ്ത്രീയമായ സംവിധാനമൊന്നും കൊച്ചി മെട്രോയ്ക്കില്ല.
മദ്യപരെ കണ്ടെത്തുന്നതിനായി പോലീസ് സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങളും അവലംബിക്കാവുന്നതാണ്. സ്വീകരിക്കുന്ന മാർഗങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾ കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള കൊച്ചി മെട്രോ സ്പെഷൽ പോലീസ് (കെഎംഎസ്പി) സേനയ്ക്കു കൈമാറണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ 19നാണു മലപ്പുറം തേഞ്ഞിപ്പലം കെകെപീടികയിൽ അലി അക്ബർ (33) മദ്യലഹരിയിൽ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ട്രാക്കിലൂടെ ഓടിയത്. തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു.