കൊച്ചി: സംവിധാനങ്ങൾ പൂർണ സജ്ജമായതിനുശേഷം മാത്രമേ കൊച്ചി മെട്രോയുടെ ആദ്യഘട്ടം കമ്മീഷനിംഗ് നടത്തുകയുള്ളൂവെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ്. ആദ്യഘട്ടമായ ആലുവ മുതൽ പാലാരിവട്ടം വരെ ഏപ്രിൽ അവസാനത്തോടെ മെട്രോ ഓടിത്തുടങ്ങുമെന്ന പ്രഖ്യാപനത്തോടു പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. രാജ്യാന്തര നിലവാരമുള്ള മെട്രോയാണു കൊച്ചിക്കായി രൂപകൽപന ചെയ്തിട്ടുള്ളത്.
നിർദിഷ്ട പാതയിലെ സ്റ്റേഷനുകൾ അടക്കം എല്ലാ നിർമാണ ജോലികളും പൂർത്തിയാക്കിയതിനുശേഷം മാത്രമേ വണ്ടി ഓടിക്കൂ. നിലവിൽ നിർമാണം എവിടെയെത്തി നിൽക്കുന്നുവെന്നതു കൊച്ചിയിലൂടെ സഞ്ചരിക്കുന്നവർക്ക് അറിയാവുന്ന കാര്യമാണ്. അവിടെയും ഇവിടെയും എന്തെങ്കിലും ഒട്ടിച്ചുവച്ചിട്ടു വണ്ടി ഓടിക്കാൻ കഴിയില്ല. അതുകൊണ്ടാണു തീയതി പറയാത്തത്. ഇക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെഎംആർഎൽ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ഏലിയാസ് ജോർജ് പറഞ്ഞു.
കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി (സിഎംആർഎസ്) അധികൃതരുടെ പരിശോധ അടുത്തമാസം ആദ്യവാരം തന്നെ നടക്കും. ദിവസങ്ങൾക്കുള്ളിൽ പരിശോധന പൂർത്തിയാക്കി ഉടൻ വാണിജ്യ ഓട്ടത്തിനുള്ള അനുമതി ലഭിക്കുമെന്നാണു കരുതുന്നത്. അതല്ല സിഎംആർഎസ് മറ്റെന്തെങ്കിലും നിബന്ധനകൾ വയ്ക്കുകയാണെങ്കിൽ അതനുസരിച്ചുള്ള കാര്യങ്ങൾ കൂടി ചെയ്യേണ്ടിവരും. ഏപ്രിൽ ആദ്യവാരം തന്നെ ഇവരുടെ അനുമതി കിട്ടിയാൽ തന്നെ മറ്റു സംവിധാനങ്ങൾ എല്ലാം സജ്ജമായി എന്നുറപ്പാക്കണം. സജ്ജീകരണങ്ങൾ പൂർത്തിയായാൽ എത്രയും വേഗം വണ്ടി ഓടിക്കും.
ഒരു വശത്തുകൂടി നിർമാണം നടത്തിക്കൊണ്ടു വണ്ടി ഓടിച്ചാൽ കടുത്തവിമർശനങ്ങൾ നേരിടേണ്ടി വരും. കൊച്ചി മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെ ആദ്യഘട്ട കമ്മീഷനിംഗ് അടുത്തമാസം അവസാനത്തോടെ നടക്കുമെന്നാണ് കഴിഞ്ഞ 13നു തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിനുശേഷം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ വ്യക്തമാക്കിയത്.
സുരക്ഷാ പരിശോധനയ്ക്കുശേഷം കമ്മീഷനിംഗ് തീയതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തീയതി വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഏപ്രിലിൽ തന്നെ നടക്കുമെന്നും ശ്രീധരൻ വിശദീകരിച്ചിരുന്നു. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം ആലുവ മുതൽ പാലാരിവട്ടം വരെ വേണമോ അതോ മഹാരാജാസ് സ്റ്റേഷൻ വരെയുള്ള നിർമാണം പൂർത്തീകരിച്ചിട്ടു മതിയോ എന്നതടക്കമുള്ള കാര്യങ്ങളിൽ നേരത്തെതന്നെ ഡിഎംആർസിയും കെഎംആർഎലും പോലീസ് അടക്കമുള്ള മറ്റ് ഏജൻസികളും തമ്മിൽ ആശയഐക്യം ഉണ്ടായിരുന്നില്ല.
ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിനുശേഷവും പല കാര്യങ്ങളിലും ഭിന്നത നിലനിൽക്കുന്നുവെന്ന സൂചനയാണു കെഎംആർഎൽ എംഡിയുടെ വാക്കുകളിലുള്ളത്. തിരുവനന്തപുരത്തെ യോഗത്തിൽ പങ്കെടുത്തിരുന്ന കെഎംആർഎൽ എംഡി കമ്മീഷനിംഗ് എന്നു നടക്കുമെന്ന കാര്യം അന്നും വിശദീകരിച്ചിരുന്നില്ല.