കൊച്ചി: കൊച്ചി മെട്രോയുടെ വാണിജ്യ ഓട്ടത്തിന് അനുമതി നൽകുന്നതിനുള്ള കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ (സിഎംആർഎസ്) പരിശോധന നീളും. പരിശോധനയ്ക്കുള്ള അപേക്ഷ നേരത്തെ സമർപ്പിച്ചതാണെങ്കിലും ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും പരിശോധനയ്ക്കു സജ്ജമായിട്ടുണ്ടെന്നുള്ള അറിയിപ്പ് അവർക്ക് ഇതുവരെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ കൈമാറിയിട്ടില്ല. സിഎംആർഎസ് പരിശോധനയ്ക്കു മുൻപായി കിട്ടേണ്ട മറ്റ് അനുമതികൾ ലഭിക്കാത്തതാണു കാരണം.
സിഎംആർഎസ് പരിശോധനയ്ക്കു മുൻപായി മൂന്ന് ഏജൻസികളുടെ അനുമതികൾ കൂടി ലഭിക്കാനുണ്ടെന്നു കെഎംആർഎൽ അധികൃതർ വ്യക്തമാക്കി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജനറൽ, ഫയർ ആൻഡ് സേഫ്റ്റി, സ്വതന്ത്ര വിലയിരുത്തൽ ഏജൻസി എന്നിവയുടെ അനുമതികളാണ് ലഭിക്കേണ്ടത്. ഈ അനുമതികൾ ലഭിച്ചതിനുശേഷം മാത്രമേ സിഎംആർഎസിന്റെ അന്തിമ പരിശോധനയ്ക്കെത്തണമെന്നുള്ള അറിയിപ്പ് കൈമാറുകയുള്ളൂവെന്നും കെഎംആർഎൽ അധികൃതർ ചൂണ്ടിക്കാട്ടി.
ഈ അറിയിപ്പ് കൈമാറിയാൽ തന്നെ ഒരാഴ്ചയെങ്കിലും കഴിഞ്ഞശേഷം മാത്രമേ പരിശോധനയ്ക്കായി അവർ എത്തുകയുള്ളൂ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെയും അനുമതി ഇതിനകം ലഭിച്ചിട്ടുള്ളത് മുട്ടത്തെ മെട്രോ യാർഡിനു മാത്രമാണ്. സ്റ്റേഷനുകൾ അടക്കമുള്ളവയുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
അതുപോലെതന്നെ സ്വതന്ത്ര വിലയിരുത്തൽ ഏജൻസിയുടെ പരിശോധനയും നടക്കുന്നതേയുള്ളൂ. ഇതുകൂടി പൂർത്തിയാക്കി ബന്ധപ്പെട്ട എല്ലാ അനുമതികളും ലഭിച്ചശേഷം മാത്രമേ സിഎംആർഎസിനെ പരിശോധനയ്ക്കായി ക്ഷണിക്കുകയുള്ളൂവെന്നും കെഎംആർഎൽ വക്താവ് ചൂണ്ടിക്കാട്ടി. സാഹചര്യമിതായിരിക്കേ ഏപ്രിൽ അവസാനം ആലുവ പാലാരിവട്ടം പാതയിൽ മെട്രോയുടെ വാണിജ്യ ഓട്ടം ആരംഭിക്കുമെന്ന പ്രഖ്യാപനം യാഥാർഥ്യമാകില്ലെന്ന സൂചനകൾ ശക്തമായിരിക്കുകയാണ്.
മാർച്ച് 13നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിനു ശേഷം ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെ സംവിധാനങ്ങൾ പൂർണ സജ്ജമായതിനുശേഷം മാത്രമേ കമ്മീഷനിംഗ് നടത്തുകയുള്ളൂവെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജും വ്യക്തമാക്കിയിരുന്നു. സിഎംആർഎസിന്റെ പരിശോധന അടുത്തമാസം ആദ്യം നടക്കില്ലെന്ന് ഉറപ്പായതോടെ അതനുസരിച്ചുള്ള കാലതാമസം കമ്മീഷനിംഗിനും ഉണ്ടാകുമെന്നു വ്യക്തം.