കേരളക്കരയൊന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കൊച്ചി മെട്രോയുടെ ആദ്യ ഓട്ടം. കേരളത്തിന്റെ ഏറെ കാലത്തെ സ്വപ്നമായിരുന്ന കൊച്ചി മെട്രോ പാളത്തിലേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഹൈടെക് പ്രോജക്ടായ മെട്രോയെത്തുമ്പോള്‍ മലയാളികള്‍ തങ്ങളുടെ തനിസ്വഭാവം അവിടെയും പുറത്തെടുക്കുമോ എന്ന സംശയമാണ് ചിലരുടെ സംശയം. മെട്രോ എത്തി യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് സലിം കുമാര്‍ ആളുകളെ ഓര്‍മ്മിപ്പിക്കുകയാണ് സലിം കുമാര്‍. ഫേസ്ബുക്കിലൂടെയാണ് സലിം കുമാര്‍ മലയാളികള്‍ക്ക് തന്റേതായ ഈ ഉപദേശം നല്‍കുന്നത്. സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..
കുത്തിവരക്കാരേ…ഈ വഴി വരേണ്ട..
ട്രെയിനിലും കെഎസ്ആര്‍ടിസി ബസിലുമെല്ലാം കമ്പികൊണ്ടും പേനകൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ശീലിച്ചവരൊക്കെ മെട്രോയില്‍ കയറാന്‍ കാത്തിരിക്കുന്നുണ്ടാവും. പക്ഷേ, അറിഞ്ഞിടത്തോളം അവരുടെ കാര്യം വലിയ കഷ്ടത്തിലാവും. ആ തറ പണികളുമായി മെട്രോയില്‍ കയറിയാല്‍ പിഴ മാത്രമല്ല അഴിയും എണ്ണാം..അത്രയ്ക്കുണ്ട് സ്റ്റേഷനുകളിലെയും ട്രെയ്നിലെയും നിരീക്ഷണ സംവിധാനം. അതുകൊണ്ടു അത്തരക്കാരോടാണ് ആദ്യ അഭ്യര്‍ത്ഥന ; ദയവായി മെട്രോയെ വിട്ടേക്ക്. ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ളതല്ല. നിരീക്ഷണവും നിയമവും കര്‍ശനമാക്കിയാല്‍ ശുചിത്വം അടക്കമുള്ള നല്ല ശീലങ്ങള്‍ സമൂഹം താനെ പഠിക്കുമെന്നു നമ്മളെ പഠിപ്പിക്കുന്നതാവും കൊച്ചി മെട്രോ. കേരളത്തില്‍ പരസ്യ ബോര്‍ഡുകളും നോട്ടീസുകളും പതിഞ്ഞു വൃത്തികേടാകാത്ത പൊതു തൂണുകള്‍ ഒരു പക്ഷേ മെട്രോയുടേത് മാത്രമാവും. പറവൂരുകാരനായ ഞാന്‍ മാത്രമല്ല.. കൊച്ചിക്കാരല്ലാത്ത മലയാളികളെല്ലാം തങ്ങളെ നേരിട്ടു ബാധിക്കാത്ത മെട്രോ ഓടുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പുതുമയുള്ള ആ യാത്രയുടെ കൗതുകം കൊണ്ടാണ്. കൊച്ചിയുടെ വലിയ ടൂറിസം ആകര്‍ഷണമായി മാറാന്‍ പോവുകയാണ് മെട്രോ. സമയ കൃത്യതയാണ് മെട്രോയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇത്രയും ബൃഹത്തായ പദ്ധതി വലിയ കാലതാമസമില്ലാതെ യാഥാര്‍ഥ്യമാക്കിയ മെട്രോ സംഘത്തിനും മെട്രോ മാന്‍ ശ്രീ. ഇ ശ്രീധരനും നമ്മള്‍ വലിയൊരു സല്യൂട്ട് നല്‍കണം.
മെട്രോയ്ക്ക് സ്‌നേഹപൂര്‍വ്വം,
സലിംകുമാര്‍