കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ തൈക്കൂടം സ്റ്റേഷൻ വരെയുള്ള 5.75 കിലോമീറ്റർ പരീക്ഷണ ഓട്ടം വരും ദിവസങ്ങളിലും തുടരും. വിവിധ ഘട്ടങ്ങളിൽ കൂടുതൽ വേഗത്തിലാകും പരീക്ഷണ ഓട്ടം നടത്തുക. 40 കിലോമീറ്ററാണ് മെട്രോയുടെ ശരാശരി വേഗത. പരീക്ഷണ ഓട്ടത്തിനിടെ ഇതിലും വേഗത്തിൽ മെട്രോ തൈക്കൂടത്തെത്തും. രണ്ട് റൗണ്ട് പരീക്ഷണ ഓട്ടമാണ് ഇന്നലെ നടത്തിയത്. ഇതുരണ്ടും വിജയകരമായിരുന്നുവെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അധികൃതർ പറഞ്ഞു.
ഇന്നലെ രാവിലെ 6.55ന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷനിൽനിന്നാണ് ആദ്യഘട്ട പരീക്ഷണ ഓട്ടം ആരംഭിച്ചത്. അഞ്ചു കിലോമീറ്റർ മാത്രം വേഗതയിൽ സഞ്ചരിച്ച് 8.21ന് തൈക്കൂടം മെട്രോ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഇവിടെനിന്നു തിരികെ 8.45ന് എളംകുളം സ്റ്റേഷൻവരെയായിരുന്നു ആദ്യ റൗണ്ട് പരീക്ഷണ ഓട്ടം. രണ്ടാംഘട്ടമായി 11.46ന് എളംകുളം സ്റ്റേഷനിൽനിന്ന് ആരംഭിച്ച യാത്ര 12.40ന് തൈക്കൂടം സ്റ്റേഷനിലെത്തി.
അവിടെനിന്ന് ഇതേ ട്രെയിൻ തിരികെ യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 1.30ന് മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷനിൽ എത്തിച്ചേർന്നു. രണ്ടു മെട്രോ ട്രെയിനാണു പരീക്ഷണ ഓട്ടത്തിനായി ഉപയോഗിച്ചത്. കൊച്ചി മെട്രോയിലെയും ഡിഎംആർസിയിലെയും ഇലക്ട്രിക്കൽ, ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇന്നലത്തെ പരീക്ഷണ ഓട്ടത്തിലും പങ്കെടുത്തു.
900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണൽച്ചാക്കുകൾ ട്രെയിനിൽനിറച്ചായിരുന്നു യാത്ര. കഴിഞ്ഞ 21നു മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ സൗത്തിലെ ക്യാൻഡിലിവർ പാലം വരെയുള്ള 1.3 കിലോമീറ്ററിൽ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതു വിജയിച്ചതോടെയാണു തൈക്കൂടത്തേക്കും പരീക്ഷണ ഓട്ടം നടത്താൻ തീരുമാനിച്ചത്.
പരീക്ഷണ ഓട്ടം വിജയകരമായതോടെ കൊച്ചി മെട്രോയുടെ ഒന്നാംഘട്ട നിർമാണം അതിന്റെ അവസാനഭാഗത്തോട് അടുക്കുകയാണ്. മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ ഓണത്തിനുമുന്പേ മെട്രോ ഔദ്യോഗികമായി തൈക്കൂടംവരെ സർവീസ് തുടങ്ങും. വിവിധ അനുമതികൾക്കും പരിശോധനകൾക്കുമായി വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തിച്ചേരുമെന്ന് കെഎംആർഎൽ അധികൃതർ കൂട്ടിച്ചേർത്തു. ആലുവ മുതൽ തൈക്കൂടംവരെയുള്ള ഒന്നാംഘട്ടമാണു പൂർണതയിലേക്ക് എത്തുന്നത്.