കൊച്ചി: കൊച്ചി ആദ്യമായി ലോകകപ്പിനു വേദിയായപ്പോൾ ആവേശത്തിന്റെ അലയൊലികൾ കൊച്ചി മെട്രോയിലും. മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം നടന്ന മാസം മാറ്റി നിർത്തിയാൽ ഏറ്റവും കൂടുതൽ യാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചതു ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലും സ്പെയിനും കൊച്ചിയുടെ കാൽപ്പന്തു പ്രേമികളെ ത്രസിപ്പിച്ച ശനിയാഴ്ചയായിരുന്നു.
54,650 പേരാണ് അന്ന് മെട്രോയിൽ സഞ്ചരിച്ചത്. 19,93,412 രൂപയുടെ വരുമാനവും ഉണ്ടായി. അന്നു ഉച്ച മുതൽ മെട്രോയിൽ നല്ല തിരക്കായിരുന്നു. കലൂർ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽനിന്നു തിരിയാൻ കഴിയാത്ത വിധം തിരക്കനുഭവപ്പെട്ടു. രാത്രി പത്തിനു ശേഷവും മെട്രോ സർവീസ് നടത്തിയത് ആരാധകർക്ക് ആശ്വാസമായി.
സ്റ്റേഡിയം സ്റ്റേഷനു പുറത്ത് താത്കാലികമായി ഒരുക്കിയ ടിക്കറ്റ് കൗണ്ടറിൽ നിന്നായിരുന്നു രാത്രി ടിക്കറ്റുകളുടെ വിതരണം നടന്നത്. മത്സരം നടന്നതിന്റെ അടുത്ത ദിവസം 46,309 പേരും മെട്രോയിൽ യാത്ര ചെയ്തു. 18,96,514 രൂപയും വരുമാനമുണ്ടായി.
ഗ്രൂപ്പ് മത്സരത്തിലെ രണ്ടാംഘട്ട പോരാട്ടം നടക്കുന്ന ഇന്നും മെട്രോയിൽ തിരക്കുണ്ടാകും. കേരളത്തിന്റെ പ്രിയ ടീമായ ബ്രസീലും സ്പെയിനും ഇന്നും കളത്തിലിറങ്ങുന്നുണ്ട്. മത്സരം കാണാനെത്തുന്ന കായിക പ്രേമികൾക്കായി മികച്ച സൗകര്യങ്ങളാണു മെട്രോയിൽ ഒരുക്കിയിട്ടുള്ളത്. മത്സരം കാണാനെത്തുന്നവരുടെ സൗകര്യാർഥം മെട്രോയ്ക്കു കൂടുതൽ ഫീഡർ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇടപ്പള്ളി, കളമശേരി, ആലുവ, ജെഎൽഎൻ സ്റ്റേഡിയം, മഹാരാജാസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണു സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഓട്ടോയും വാനുകളും സർവീസിനുണ്ടാകും. രാത്രി വൈകിയും ഫീഡർ സർവീസുകൾ ലഭിക്കും. കളിയുള്ള ദിവസങ്ങളിൽ ആലുവയിൽ നിന്നു രാത്രി പതിനൊന്നിനും മഹാരാജാസിൽ നിന്ന് രാത്രി 11.45നുമാണ് മെട്രോയുടെ അവസാന ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.