പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: നഷ്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് സഹായം അനുവദിക്കുന്നതിന് സർക്കാരിന്ഒരു മടിയുമില്ല. എന്നാൽ കെ എസ് ആർ ടി സി യ്ക്ക് സഹായം അനുവദിക്കുന്നതിന് വലിയ ബുദ്ധിമുട്ടും.
കൊച്ചി മെട്രോയിൽ ഒരു ദിവസം യാത്ര ചെയ്യുന്നത് അമ്പതിനായിരം പേരാണെന്നാണ് കണക്ക്. ഒരു ദിവസത്തെനഷ്ടം 93 ലക്ഷം രൂപയാണെന്ന് 2020 – 21 – ലെ വരവ് -ചിലവ് കണക്കിൽ വ്യക്തമാക്കുന്നു.
അതായത് കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ ഒരാൾക്ക് ശരാശരി 186 രൂപ സർക്കാർ സഹായം നൽകി വരുന്നു.
സാധാരണക്കാർ ഉൾപ്പെടെ യാത്ര ചെയ്യുന്ന കെ എസ് ആർ ടി സി ഒരു മാസം സർക്കാരിനോട് ആവശ്യപ്പെടുന്നത് 100 കോടി മാത്രമാണ്.
കെഎസ് ആർ ടി സി യിൽ ദിനംപ്രതി യാത്ര ചെയ്യുന്നത് 18 ലക്ഷം മുതൽ 20 ലക്ഷം പേർ വരെയാണ്. ശരാശരി 18 ലക്ഷം യാത്രക്കാർ എന്ന് പരിഗണിച്ചാൽ പോലും ,യാത്രക്കാരിൽ ഒരാൾക്ക് 18.51 രൂപയാണ് സർക്കാർ സഹായമായി നൽകേണ്ടി വരുന്നത്.
സർക്കാർ ആവശ്യപ്പെടുന്ന സേവനങ്ങളും കെ എസ് ആർ ടി സി ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ കൺസെഷൻ, വികലാംഗരുടെ സൗജന്യ യാത്ര, തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈസേവനത്തിന് തുല്ല്യമായ തുക സർക്കാർ തിരിച്ചു നല്കാറില്ല.
കെഎസ് ആർ ടി സി യ്ക്ക് സർക്കാർ സഹായമായി നല്കുന്നതുകയുടെ പലയിരട്ടിവരും സേവന പ്രവർത്തനത്തിലൂടെ നഷ്ടമാകുന്ന തുക.
ഈ തുക സർക്കാർ കൃത്യമായി അനുവദിച്ചാൽതന്നെ ഒരു പക്ഷേ കെ എസ് ആർ ടി സി യ്ക്ക് സർക്കാർ സഹായം ഒഴിവാക്കാൻ കഴിയും.
കെഎസ്ആർടി സി യ്ക്ക് നല്കുന്ന സഹായത്തിന്റെ എത്രയോ മടങ്ങാണ് കൊച്ചി മെട്രോക്ക് വേണ്ടി സർക്കാർ സഹായം നൽകുന്നത് എന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി.
നിരവധി സൗജന്യങ്ങൾ നൽകുന്നകെ എസ് ആർ ടി സി ട്രൈബൽ മേഖല യിലേക്കും, ഒറ്റപ്പെട്ട ഇടങ്ങളിലേക്കും, പല എം എൽ എ സർവ്വീസും വരുമാനം നോക്കാതെ സർവ്വീസ് നടത്തുന്നുണ്ട്.
സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന പൊതു ഗതാഗതം സുഗമമായി നടത്തുന്നതിന്ന് കൊച്ചി മെട്രോക്ക് നൽകുന്ന സഹായത്തിന്റെ പത്തിലൊന്ന് സഹായം നൽകിയാൽ മതിയാവും .
ഇതു പോലും നൽകാത്തത് കെ എസ് ആർടിസിയെസ്വകാര്യവൽക്കരിക്കാനും , പ്രൈവറ്റ് ബസ്സുകളെ സഹായിക്കാനും വേണ്ടിയാണെന്ന് ആരോപണവുമുണ്ട്.
തമിഴ്നാട്, കർണ്ണാടക തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിൽഡീസൽ സബ്സിഡിയും, വിദ്യാർത്ഥികൾക്ക് ആവശ്യമായ കൺസെഷൻ തുകയും, സ്ത്രീകർക്കും , കുട്ടികൾക്കും സൗജന്യ യാത്രക്കുള്ള തുകയും, ബസ് വാങ്ങാനുള്ള തുകയും ബജറ്റിൽ വകയിരുത്തുന്നുണ്ട്.
കേരളത്തിൽ ഇത്തരം സഹായം നൽകാതെ അമിതജോലിഭാരം നിയമവിരുദ്ധമായി അടിച്ചേൽപ്പിക്കാനാണ് മാനേജ്മെന്റും സർക്കാരും ശ്രമിക്കുന്നത് എന്നും ജീവനക്കാർ കുറ്റപ്പെടുത്തി.