കൊച്ചി: കൊച്ചി മെട്രോയുടെ ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1,01,983 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. തൈക്കൂടംവരെ സർവീസ് ആരംഭിച്ചതിനു ശേഷം കഴിഞ്ഞ ഏഴിനാണ് ഇതിനു മുന്‍പ് ഏറ്റവും കൂടുതൽ യാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചത്.
99,680 പേർ അന്ന് മെട്രോയിൽ യാത്ര ചെയ്തു. തൈക്കൂടത്തേക്ക് നീട്ടുന്നതിന് മുന്‍പുള്ള കണക്കുകൾ പ്രകാരം 2017 ജൂണ്‍ 26നായിരുന്നു ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. കൊച്ചി മെട്രോ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ അന്ന് 98,310 പേർ മെട്രോയിൽ സഞ്ചരിച്ചു.
കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന് ശേഷം ഇതുവരെ 6.73 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തു. പുതിയപാതയിൽ സർവീസ് ആരംഭിച്ചതോടെ റിക്കാർഡ് വർധനയാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആലുവ-മഹാരാജാസ് റൂട്ടിൽ ശരാശരി 40,000 പേർ ദിനംപ്രതി യാത്ര ചെയ്തിരുന്നുവെന്നതാണ് കണക്ക്.
തൈക്കൂടത്തേക്ക് മെട്രോ നീട്ടിയശേഷം ഇതിൽ വൻ വർധനയാണുണ്ടായത്. തിരുവോണ ദിനത്തിൽ 65,381 പേരും യാത്ര ചെയ്തു. നഗരത്തിലെ വൻ ഗതാഗതക്കുരുക്ക്, ആഘോഷ ദിവസങ്ങൾ, പുതുപാതയിലെ സഞ്ചാരം ആസ്വദിക്കൽ തുടങ്ങിയ ഘടകങ്ങൾ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.