കൊച്ചി: രണ്ടാംഘട്ടമായി മെട്രോ ഓടിത്തുടങ്ങാനിരിക്കുന്ന എറണാകുളം സൗത്ത് മുതൽ പേട്ടവരെയുള്ള ആറു സ്റ്റേഷനുകൾക്കുള്ള “തീം’ പൊതുജനങ്ങൾക്കു നിർദേശിക്കാമെന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) അറിയിപ്പിനു വൻ പ്രതികരണം. അറിയിപ്പു വന്നു ദിവസങ്ങൾക്കകം കെഎംആർഎലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മെസേജുകൾ നിറഞ്ഞുകഴിഞ്ഞു.
കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തിൽ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികൾക്കും സൈനികർക്കുമായി ഏതെങ്കിലും സ്റ്റേഷൻ മാറ്റിവയ്ക്കണമെന്ന അഭിപ്രായമാണ് ഏറെപ്പേർ മുന്നോട്ടുവച്ചത്. പ്രളയം തന്നെ തീം ആക്കണമെന്ന അഭിപ്രായക്കാരുമുണ്ട്.
കൊച്ചി കായൽ, ചീനവല, പൈതൃക കെട്ടിടങ്ങൾ, ബിനാലെ, ശബരിമല, ചേരമൻ പെരുമാൾ ജുമാ മസ്ജിദ്, പാലയൂർ പള്ളി, മലയാള അക്ഷരമാല, ആയുർവേദ ചികിത്സ മുതൽ കൊച്ചിയുടെ തീരാശാപമായ കൊതുകുകളെ തീമിൽ ഉൾപ്പെടുത്തണമെന്ന നിർദേശങ്ങളുമുയർന്നു.
ജിസിഡിഎ ഓഫീസിനോടു ചേർന്നുള്ള കടവന്ത്ര സ്റ്റേഷനു മറൈൻഡ്രൈവും എളംകുളത്തിനു ബാക്ക് വാട്ടർ ടൂറിസവും ഒട്ടേറെ ദേശീയപാതകൾ സംയോജിക്കുന്ന വൈറ്റില സ്റ്റേഷനു കൊച്ചിയുടെ ഗതാഗതക്കുരുക്കും തീം ആക്കണമെന്നാണു ചിലരുടെ നിർദേശം. മികച്ച ആശയങ്ങൾ അനുയോജ്യമായ സ്റ്റേഷനുകൾക്കു നൽകുമെന്നു കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.