കൊച്ചി: മെട്രോ റെയിലിന്റെ തൂണുകളിലെ പരസ്യം സംബന്ധിച്ച് വീണ്ടും വിവാദം. ഇന്നലെ കൊച്ചിയിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് തൂണുകളിലെ പരസ്യം സംബന്ധിച്ച് പുതിയ വിവാദത്തിന് തുടക്കമിട്ടത്. മെട്രോ റെയിലിന്റെ തൂണുകൾ നിൽക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണെന്ന് ഓർമ വേണമെന്നും തൂണിൽ പൊതുജനതാൽപര്യം മുൻനിർത്തിയുള്ള പരസ്യങ്ങൾ സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
മെട്രോ വകുപ്പ് നഗരത്തിലെ വരേണ്യവർഗമായി മാറരുതെന്ന് ആവശ്യപ്പെട്ട മന്ത്രി, പണം വാങ്ങി മെട്രോ തൂണുകൾ പരസ്യങ്ങൾ വയ്ക്കാൻ നൽകുന്നതിനെ പരാമർശിച്ചായിരുന്നു വിമർശനം ഉന്നയിച്ചത്.കൊച്ചി മെട്രോയുടെ തൂണുകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിൽ കഐംആർഎല്ലും ദേശീയപാതാ അതോറിറ്റിയും തമ്മിൽനേരത്തേ തർക്കം ഉടലെടുത്തിരുന്നു.
യാത്രികരുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ റോഡിന് നടുവിൽ പരസ്യങ്ങൾ സ്ഥാപിക്കാൻ അനുവധിക്കില്ലെന്നായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ നിലപാട്. ആലുവ മുതൽ ഇടപ്പള്ളി വരെ ദേശീയ പാതയിലാണ് മെട്രോ തൂണുകളെന്നും അവിടെ പരസ്യങ്ങൾ അനുവദിക്കാനാവില്ലെന്നുമാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചിരുന്നത്.
എന്നാൽ, ഇതിനെതിരെ രംഗത്തെത്തിയ കഐംആർഎൽ പരസ്യം സ്ഥാപിക്കാനെടുത്ത തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. കൊച്ചി മെട്രോയുടെ ടിക്കറ്റിതര വരുമാന മാർഗങ്ങളിലൊന്നാണ് മെട്രോ തൂണുകളിലെ പരസ്യം. പ്രതിവർഷം അഞ്ചരക്കോടി രൂപയ്ക്ക് പരസ്യം സ്ഥാപിക്കുന്നതിനുള്ള അവകാശം സ്വകാര്യ സ്ഥാപനം ലേലത്തിൽ പിടിക്കുകയായിരുന്നു. തൂണുകളിൽ പരസ്യബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ദേശീയപാതാ അതോറിറ്റി എതിർപ്പുമായി രംഗത്തെത്തിയത്.
ആലുവ മുതൽ കൊച്ചി മഹാരാജാസ് കോളജ് വരെയുള്ള മെട്രോ സ്റ്റേഷനുകൾക്കിടയിലുള്ള ഭൂരിഭാഗം പ്രദേശത്തും മെട്രോ തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിനിടെയാണ് മന്ത്രിയുടെ വിമർശനശരങ്ങൾ മെട്രോ അധികൃതർക്കുനേരെ ഉയർന്നത്. വൈറ്റിലയിൽ മൊബിലിറ്റി ഹബ്ബ് മുതൽ കുന്നറഭാഗം വരെ നവീകരിച്ച ടൈൽ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി.