കൊച്ചി മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞയുടനേ തന്നെ കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമയും ഒരുങ്ങുകയാണ്. ‘അറബിക്കടലിന്റെ റാണി-ദി മെട്രോ വുമണ്‍’ എന്നാണു സിനിമയുടെ പേര്. റിമ കല്ലിങ്കല്‍ മുഖ്യവേഷത്തില്‍ എത്തുന്ന സിനിമ മെട്രോമാന്റെ കടുത്ത ആരാധികയായ പി.കെ. ലളിതയെന്ന പെണ്‍കുട്ടിയുടെ അസാധാരണമായ ജീവിതകഥയാണു പറയുന്നത്. സിനിമയില്‍ മെട്രോമാന് ഇ ശ്രീധരനായി പ്രമുഖ സൂപ്പര്‍താരം വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഇ മാധവന് എന്ന പേരിലാകും ഈ കഥാപാത്രം അറിയപ്പെടുന്നത്. റാണി പത്മിനി എന്ന കപ്പല്‍ നീറ്റിലിറക്കുന്നതിനായി ഇ മാധവന് ആദ്യമായി കൊച്ചിയില്‍ വന്ന ദിവസമാണ് ലതിക ജനിക്കുന്നത്.
അതുകൊണ്ടുതന്നെ ഇ മാധവനും താനുമായി എന്തോ ഒരു ബന്ധമുണ്ടെന്നാണ് ലതിക കരുതുന്നത്. തൃപ്പുണിത്തുറ സ്വദേശിനിയായ ലതിക ഇപ്പോള്‍ സെയില്‍സ് ഗേള്‍ ആണ്. തൃപ്പുണിത്തുറയില്‍ മെട്രോ സ്റ്റേഷന് വേണ്ടി സ്ഥലം വിട്ടുനല്‍കണമെന്ന ആവശ്യവുമായി അധികൃതര്‍ ലതികയെ സമീപിക്കുന്നു. എന്നാല്‍ സഥലം വിട്ടുനില്കാന് ലതിക തയ്യാറാകുന്നില്ല. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇ മാധവനെ കാണാന്‍ ലതിക നിരന്തരം ശ്രമിക്കുന്നുണ്ട്. ഒടുവില്‍ ഇ മാധവന്, ലതികയുടെ വീട്ടിലേക്ക് വരുന്നു. മെട്രോ സ്റ്റേഷനായി സ്ഥലം വിട്ടുനല്കാതിരിക്കാന് ലതികയ്ക്ക് അവരുടേതായാ ഒരു കാരണമുണ്ട്. ഇതാണ് സിനിമയുടെ സസ്പെന്‍സ്. പത്മകുമാറും പ്രമുഖ തിരക്കഥാകൃത്ത് ടി എസ് സുരേഷ് കുമാറും ചേര്‍ന്നാണ് ‘അറബിക്കടലിന്റെ റാണി- ദി മെട്രോ വുമണ്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്മസ് റിലീസിനായി ഒരുക്കുന്ന ഈ സിനിമ നിര്‍മ്മിക്കുന്നത് വിജി ഫിലിംസ് ഇന്റര്‍നാഷണലാണ്.