ആദ്യമായി ഒരു സിനിമാ ചിത്രീകരണത്തിന് വേദിയായി ചരിത്രം കുറിക്കുകയാണ് കൊച്ചി മെട്രോ. തെലുങ്ക് ചിത്രമായ ലവര്‍ എന്ന സിനിമാ ചിത്രീകരണമാണ് കൊച്ചി മെട്രോ പശ്ചാത്തലമാക്കി നടക്കുന്നത്.
തെലുങ്ക് താരങ്ങളായ രാജ് തരുണും റിദ്ദി കുമാറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് മെട്രോയില്‍ നടക്കുന്നത്. ഇടപ്പള്ളി സ്റ്റേഷനും അതിനടുത്തുള്ള പ്ലാറ്റ്ഫോമിലുമായി ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുകയാണ് ഇപ്പോള്‍.
ഇതിനുമുമ്പ് ചില പരസ്യ ചിത്രങ്ങള്‍ മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെങ്കിലും ഫീച്ചര്‍ സിനിമാ ചിത്രീകരണം ഇതാദ്യമായാണ് നടക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും കേരളം തന്നെയാണ്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങി അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ മെട്രോയില്‍ ചിത്രീകരണത്തിന് സൗകര്യമുണ്ടാകും. ഈ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം രണ്ട് ലക്ഷം രൂപയാണ് മെട്രോയില്‍ അടച്ചത്.