കൊച്ചി: സംസ്ഥാനത്തിന് സ്വപ്ന സാക്ഷാത്കാരമേകി കൊച്ചി മെട്രോ ട്രാക്കിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി പാലാരിവട്ടം മെട്രോ സ്റ്റേഷൻ പ്ലാറ്റ് ഫോമിന്റെ പ്രവേശനകവാടത്തിൽ നാട മുറിച്ചാണ് മെട്രോ യാത്ര ഉദ്ഘാടനം ചെയ്തത്. നാടമുറിക്കൽ ചടങ്ങിനു ശേഷം പ്രധാനമന്ത്രിയും സംഘവും മെട്രോ ട്രെയിനിൽ പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചും സഞ്ചരിച്ചു.
ഗവർണർ, മുഖ്യമന്ത്രി പിണറായി വിജയൻ, വെങ്കയ്യ നായിഡു, ഇ. ശ്രീധരൻ, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഏലിയാസ് ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13.4 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെയാണു മെട്രോ കുതിക്കുക.
നേരത്തെ, കൊച്ചിയിലെ വ്യോമസേനാ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. റോഡ് മാർഗമാണ് പ്രധാനമന്ത്രി പാലാരിവട്ടം സ്റ്റേഷനിലെത്തിയത്.
കലൂർ സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കൊച്ചി മെട്രോയ്ക്കും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള ‘കൊച്ചി വണ്‍ ആപ്’ മുഖ്യമന്ത്രി പിണറായി വിജയനും യാത്രയ്ക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമുള്ള കൊച്ചി വണ്‍ കാർഡ് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും പുറത്തിറക്കും.
ഗവർണർ പി. സദാശിവം, സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഉദ്ഘാടന വേദിയിൽ ഉണ്ടായിരിക്കും. പ്രധാനമന്ത്രിയെ കൂടാതെ പിണറായി വിജയൻ, വെങ്കയ്യ നായിഡു, സ്വാഗതം ആശംസിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ് എന്നിവരും ചടങ്ങിൽ പ്രസംഗിക്കും. – See more at: http://www.deepika.com/Main_News.aspx?NewsCode=442137#sthash.iv5o8VUn.dpuf