കൊച്ചി: മുട്ടം യാർഡിൽ വെള്ളം കയറിയതിനെ തുടർന്നു കൊച്ചി മെട്രോ സർവീസ് നിർത്തിവച്ചു. വെള്ളം ഉയരുന്നതിനാൽ ഓപ്പറേഷൻ കണ്ട്രോൾ സെന്റർ ഇന്നലെ തന്നെ ഷട്ട് ഡൗണ്‍ ചെയ്തിരുന്നു. കളമശേരി സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണവും മുടങ്ങിയിരിക്കുകയാണ്. മുട്ടം, പാലാരിവട്ടം സ്റ്റേഷനുകളിലേക്ക് സിഗ്നൽ കണ്ട്രോളിംഗ് സംവിധാനം മാറ്റിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ സർവീസ് നിർത്തിവയ്ക്കാൻ കെഎംആർഎൽ തീരുമാനിക്കുകയായിരുന്നു.
നാലു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയും മുട്ടാർപുഴ കരകവിഞ്ഞൊഴുകുന്നതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. മുട്ടത്ത് ട്രെയിനുകൾ നിർത്തിയിടുന്ന ഭാഗത്തിനു താഴെയായി വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓപ്പറേറ്റിംഗ് കണ്ട്രോൾ റൂമും സിഗ്നൽ നിയന്ത്രിക്കുന്ന ഭാഗങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. സിഗ്നലിംഗ് നിർത്തിയതോടെ ട്രെയിനുകൾ ഒന്നും തന്നെ ട്രാക്കിലേക്ക് എത്തിച്ചിട്ടില്ല.
കളമശേരി ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ പ്രവർത്തനം നിർത്തി വച്ചിരിക്കുന്നതിനാൽ മുട്ടത്തെ സബ്സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധവും നിർത്തിവച്ചിരിക്കുകയാണ്. ഇതിനാൽ ട്രാക്കുകളിലേക്കു വൈദ്യുതി നൽകാനാകുന്നില്ല. ഓഫീസുകളുടെ പ്രവർത്തനത്തേയും ഇതു ബാധിച്ചു.
പലഭാഗത്തും ഗതാഗതം നിലച്ചതിനാലും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറിയതിനാലും ജീവനക്കാരും എത്തിയിട്ടില്ല. വെള്ളക്കെട്ടിൽ പെട്ടുപോയവരോട് ഇന്ന് ജോലിക്ക് എത്തേണ്ടതില്ലെന്ന് കെഎംആർഎൽ അറിയിച്ചിട്ടുണ്ട്.