കൊച്ചി: വാണിജ്യ ഓട്ടത്തിനു മുന്നോടിയായുള്ള കൊച്ചി മെട്രോയുടെ സര്വീസ് ട്രയല് മൂന്നാം ദിനവും തുടര്ന്നു. ഇന്നലെ ആറു ട്രെയിനുകള് ഉപയോഗിച്ചുള്ള ട്രയല് നടക്കുമെന്നു കൊച്ചി മെട്രോ റെയില് ലിമിറ്റഡ് (കെഎംആര്എല്) അധികൃതര് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്നും നാലു ട്രെയിനുകള് ഉപയോഗിച്ചുള്ള ട്രയലാണു നടക്കുക. ആറു ട്രെയിനുകള് ഉപയോഗിച്ചു വരും ദിവസങ്ങളില് ട്രയല് നടത്തും.
അതേസമയം, മെട്രോ സര്വീസിനിടെ അഗ്നിബാധയുണ്ടായാല് എങ്ങനെ രക്ഷപ്പെടാമെന്നതില് ഫയര് ആൻഡ് റെസ്ക്യൂ സര്വീസിന്റെ നേതൃത്വത്തില് ഉച്ചക്കുശേഷം വിവിധ സ്റ്റേഷനുകളില് മോക്ഡ്രില് നടത്തി. ബുധനാഴ്ച നടത്തിയതുപോലെ തന്നെ ആലുവ മുതല് പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിലുള്ള 13 കിലോമീറ്റര് പാതയില് സമയക്രമം പാലിച്ചും കൃത്യമായ സമയപ്പട്ടിക തയാറാക്കിയുമാണ് ഇന്നലേയും ട്രെയിനുകള് ഓടിയത്.
മണിക്കൂറില് പരമാവധി 75 കിലോമീറ്റര് വരെ വേഗത്തില് ട്രെയിനുകള് സര്വീസ് നടത്തി. 30 മുതല് 40 വരെ കിലോമീറ്ററായിരുന്നു ശരാശരിവേഗം. രാവിലെ ആറിന് ആരംഭിച്ച സര്വീസ് രാത്രി പത്തുവരെ നീണ്ടു. ആകെ 142 സര്വീസുകള് നടത്തി. മുഴുവന് സിഗ്നല് സംവിധാനങ്ങളും അനൗണ്സ്മെന്റുകളും ഏകോപിപ്പിച്ചുകൊണ്ടായിരുന്നു സര്വീസ്.
അതേസമയം കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്മാണ ജോലികള് സ്തുത്യര്ഹമായി പൂര്ത്തീകരിച്ചതിനു ഡിഎംആര്സി ഉദ്യോഗസ്ഥര്ക്ക് മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന് അത്താഴവിരുന്നു നല്കി. കൊച്ചിയിലെ പ്രമുഖ ഹോട്ടലില് ബുധനാഴ്ച രാത്രി നടത്തിയ വിരുന്നില് ശ്രീധരന് ഡിഎംആര്സി ഉദ്യോഗസ്ഥരെ പ്രശംസിച്ചു.
നാടിനുവേണ്ടി ചരിത്രത്തിന്റെ ഭാഗമാകാന് സാധിച്ചതില് എല്ലാവരും അഭിമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിവില് കരാറുകാരുടെ പ്രവര്ത്തനങ്ങള് നീണ്ടതാണ് ആദ്യഘട്ട പൂര്ത്തീകരണം ലക്ഷ്യമിട്ടതിലും വൈകിയത്. തുടര് ജോലികളില് എല്ലാവരും സജീവമാകണമെന്നും ഇ. ശ്രീധരന് പറഞ്ഞു.