കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടന് പേര് നിര്‍ദ്ദേശിക്കാന്‍ പൊതുജനാഭിപ്രായം തേടിയ മെട്രോ അധികൃതര്‍ കുടുങ്ങി. നിര്‍ദ്ദേശിക്കുന്ന പേരുകള്‍ കമന്റുകളായി രേഖപ്പെടുത്തണം, തുടര്‍ന്ന് ഷെയര്‍ ചെയ്യുകയും വേണം കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടും എന്നതായിരുന്നു ഫേസ്ബുക്ക് പേജില്‍ കൊച്ചി മെട്രോ വ്യവസ്ഥ വെച്ചിരുന്നത്. എന്നാല്‍ ലിജോ വര്‍ഗീസ് എന്നൊരാള്‍ കമന്റ് ചെയ്ത ‘കുമ്മനാന’ എന്ന പേരാണ് ഞൊടിയിടയില്‍ തരംഗമായത്. മണിക്കൂറുകള്‍ക്കുള്ളില്‍ നാലായിരത്തിന് മുകളില്‍ ആളുകളാണ് ‘കുമ്മനാന’ എന്ന കമന്റിന് ലൈക്ക് ചെയ്തത്.
ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഭാഗ്യചിഹ്നത്തിന് നല്‍കുമെന്നതിനാല്‍ വന്‍ ആവേശത്തോടെയാണ് ഫേസ്ബുക്കിലൂടെ ആളുകള്‍ പ്രതികരിച്ചത്. പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നായിരുന്നു കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലൂടെ നല്‍കിയ പരസ്യം. അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല കൂള്‍’ ആയൊരു പേര്…ആര്‍ക്ക് വേണമെങ്കിലും പേര് നിര്‍ദ്ദേശിക്കാം. എന്ന പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, കുമ്മനാനയില്‍ പെട്ടുപോയ മെട്രോ അധികൃതര്‍ അവസാനം അടവുനയവുമായി രംഗത്തെത്തുകയായിരുന്നു.
ഒടുവില്‍ ആരും അറിയാതെ നൈസ് ആയിട്ട് പോസ്റ്റ് എഡിറ്റ് ചെയ്തു. പഴയ പോസ്റ്റിന് താഴെയായി- ”ഏതെങ്കിലും വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നതോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയ്‌ക്കെതിരായി വേദനാജനകമായി കമന്റ് ചെയ്യുന്നതോ ആയ മത്സര എന്‍ട്രികള്‍ പ്രത്സാഹിപ്പിക്കുന്നതല്ല. ഇവ തെരഞ്ഞെടുക്കലിനായി പരിഗണിക്കുകയുമില്ല”. എന്നതാണ് അധികൃതര്‍ എഡിറ്റ് ചെയ്തത്. കൂടുതല്‍ ലൈക്ക് കിട്ടുന്ന മൂന്നു പേരുകള്‍ ഷോര്‍ട്ട്ലിസ്റ്റിട്ടായിരിക്കും വിജയിയെ കണ്ടെത്തുന്നത്. നാലാം തീയ്യതി വൈകുന്നേരം ആറുവരെയാണ് പേരിടാനുള്ള സമയം.