കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ്-തൈക്കൂടം സർവീസ് ഉദ്ഘാടനം, ഓണാഘോഷം എന്നിവയോടനുബന്ധിച്ച് നാലു മുതൽ 18 വരെ 14 ദിവസം യാത്രാ നിരക്കിൽ കെഎംആർഎൽ ഇളവുകൾ പ്രഖ്യാപിച്ചു.
അന്പത് ശതമാനമാണ് നിരക്കിളവ്. ക്യൂആർ കോഡ് ടിക്കറ്റ്, കൊച്ചി വണ് കാർഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കെല്ലാം ഈ മാസം 18 വരെ ഇളവ് ലഭ്യമാകും. നിലവിൽ ട്രിപ്പ് പാസ് ഉള്ള യാത്രക്കാർക്ക് അന്പത് ശതമാനം നിരക്ക് ക്യാഷ് ബാക്കായി ലഭിക്കും. 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാർക്കിംഗും സൗജന്യമാക്കിയിട്ടുണ്ട്.
മഹാരാജാസ്-തൈക്കൂടം പാതയിൽ ആദ്യ ദിനം നഴ്സുമാർക്ക് സൗജന്യ യാത്രയും കെഎംആർഎൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഉച്ചക്ക് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പുതിയ പാതയിൽ നഴ്സുമാർക്കൊപ്പം പ്രത്യേകയാത്ര നടത്തും. ഈ ദിവസം കൊച്ചി വണ് കാർഡ് വാങ്ങുന്ന നഴ്സുമാർക്ക് ക്യാഷ് ബാക്ക് ഓഫറുമുണ്ട്.
കൊച്ചി: മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി കിട്ടിയ മഹാരാജാസ്-തൈക്കൂടം മെട്രോ പാതയുടെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11 ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. യാത്രക്കാരുമായുള്ള സർവീസ് നാലിന് രാവിലെ മുതൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണു മഹാരാജാസ്-തൈക്കൂടം റീച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുക. ഒപ്പം പേട്ട-എസ്എൻ ജംഗ്ഷൻ മെട്രോ നിർമാണത്തിന്റെ ശിലാസ്ഥാപനവും വാട്ടർ മെട്രൊയുടെ ആദ്യ ടെർമിനലിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കും.
കേന്ദ്രസഹമന്ത്രി ഹർദീപ് സിംഗ് പുരി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിശിഷ്ടാഥികൾ ഉദ്ഘാടന പാതയിലൂടെ മെട്രോ സവാരി നടത്തും. നാലിന് രാവിലെ ആറിന് ആലുവയിൽ നിന്ന് യാത്രക്കാരുമായി പുറപ്പെടുന്ന സർവീസാണ് ഉദ്ഘാടന പാതയിലൂടെ കടന്നുപോകുന്ന ആദ്യ യാത്രാ സർവീസ്. 6.25ന് മഹാരാജാസ് സ്റ്റേഷനിൽ എത്തുന്ന ആദ്യ യാത്രാ സർവീസ് 6.50 ഓടെ തൈക്കൂടം സ്റ്റേഷനിൽ അവസാനിക്കും. രാവിലെ ഏഴിന് തൈക്കൂടത്തുനിന്നുള്ള ആദ്യ സർവീസ് തുടങ്ങും.
മെട്രോ സുരക്ഷാ കമ്മിഷണർ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം 30നും 31നുമായിട്ടാണ് പരിശോധനകൾ പൂർത്തീകരിച്ചത്. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള ട്രാക്കുകൾ, മെട്രോ സ്റ്റേഷനുകൾ, സിഗ്നൽ, ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധിച്ചു തൃപ്തികരമാണെന്നു കണ്ടതിനെ തുടർന്നാണ് ഇന്നലെ കെഎംആർഎലിന് സുരക്ഷാ അനുമതി പത്രം നൽകിയത്.
2017ൽ ആലുവ-പാലാരിവട്ടം, പാലാരിവട്ടം-മഹാരാജാസ് റീച്ചുകളിൽ സർവീസ് തുടങ്ങിയപ്പോഴും കെ.എ. മനോഹരന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ പരിശോധന. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ചു മെട്രോ സ്റ്റേഷനുകളാണ് 5.65 കിലോമീറ്റരുള്ള പുതിയ പാതയിലുള്ളത്.
ആലുവ മുതൽ തൈക്കൂടം വരെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. മെട്രോ സർവീസിനായി മൊത്തം 25 ട്രെയ്നുകളാണുള്ളത്. രാവിലെ ആറിന് ആലുവയിൽ നിന്നും മഹാരാജാസിൽ നിന്നുമാണു നിലവിൽ സർവീസ് തുടങ്ങുന്നത്. പുതിയ പാത കമ്മീ ഷൻ ചെയ്യുന്നതോടെ ആലുവയിൽ നിന്നും തൈക്കൂടത്തു നിന്നുമാകും രാവിലെ സർവീസുകൾ തുടങ്ങുക.