കൊച്ചി: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുകൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചതിനു പിന്നാലെ മെട്രോ യാത്രികരുടെ എണ്ണം വീണ്ടും 90,000 കടന്നു. 91,539 പേരാണ് ഇന്നലെമാത്രം മെട്രോ യാത്ര ആസ്വദിച്ചത്. തൈക്കുടത്തേയ്ക്കു സർവീസ് ആരംഭിച്ചശേഷം ഇതു രണ്ടാം തവണയാണ് ഒരു ദിവസം യാത്ര ചെയ്യുന്നവരുടെ എണ്ണം 90,000 കടക്കുന്നത്.
ആലുവയിൽനിന്നു മഹാരാജാസ് ഗ്രൗണ്ട് വരെ മെട്രോ സർവീസ് നടത്തിയിരുന്നപ്പോൾ പ്രതിദിനം 40,000 പേരാണ് യാത്ര ചെയ്തിരുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കുകൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചതും ഓണം പ്രമാണിച്ച് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചതുമാണു യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകാൻ കാരണം. വെറും ആറ് ദിവസത്തിനിടെ 4,93,953 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്.
കഴിഞ്ഞ നാലിനാണ് തൈക്കുടത്തേക്കുള്ള യാത്രാ സർവീസ് മെട്രോ ആരംഭിച്ചത്. അന്നേദിനം 65,285 പേരും അഞ്ചിന് 71,711 യാത്രികരുമാണു മെട്രോയിൽ സഞ്ചരിച്ചതെങ്കിൽ ആറിന് 81,000 പേരും ഏഴിന് 95,285 യാത്രികരും മെട്രോയിൽ യാത്ര ചെയ്തു. എട്ടിന് 89,133 പേരാണ് മെട്രോയിൽ നഗരത്തിന്റെ ഭംഗി ആസ്വദിച്ചത്.
മെട്രോയിലെ തിരക്ക് വർധിച്ചതോടെ അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുന്നിട്ടിറങ്ങി. എല്ലാ സ്റ്റേഷനുകളിലും ആവശ്യത്തിന് ഓട്ടോറിക്ഷ തൊഴിലാളികളെ നിയോഗിക്കണമെന്നു കെഎംആർഎൽ ഓട്ടോറിക്ഷ സൊസൈറ്റിയോട് അഭ്യർഥിച്ചു. എല്ലാ സ്റ്റേഷനുകളിലും ഏതുസമയത്തും കുറഞ്ഞത് അഞ്ച് ഓട്ടോറിക്ഷകളെങ്കിലും ഉണ്ടാവുമെന്ന് ഓട്ടോസൊസൈറ്റി അധികൃതർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.