കൊച്ചി: കൊച്ചി മെട്രോ ഒന്നാംഘട്ടത്തിന്റെ തുടർച്ചയായുള്ള പേട്ട ജംഗ്ഷൻ-എസ്എൻ ജംഗ്ഷൻ പാതയിലെ കീറാമുട്ടിയായ സ്ഥലമേറ്റെടുക്കൽ പ്രശ്നത്തിനു പരിഹാരമായി. സ്ഥലമുടമകൾ സർക്കാർ അംഗീകൃത പാക്കേജ് സമ്മതിച്ചതോടെ ഈ മാസം 31നു മുൻപായി മുഴുവൻ സ്ഥലവും ഏറ്റെടുത്തു നൽകാമെന്നു കളക്ടർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (കെഎംആർഎൽ) അറിയിച്ചു.
മെട്രോ സ്റ്റേഷനുകൾക്കുള്ള രണ്ട് ഏക്കർ ഉൾപ്പെടെ 4.75 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടതായുള്ളത്. സ്ഥലം കിട്ടിയാലുടനെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നു കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ആദ്യമായി കെഎംആർഎൽ നേരിട്ട് നിർമാണം നടത്തുന്നു എന്ന പ്രത്യേകയാണ് ഒന്നാംഘട്ടത്തിന്റെ തുടർച്ചയായി കൂട്ടിച്ചേർത്ത പേട്ട-എസ്എൻ ജംഗ്ഷൻ മെട്രോ പാതയ്ക്കുള്ളത്. 1.2 കിലോമീറ്റർ പാതയിൽ രണ്ടു സ്റ്റേഷനുകളുമുണ്ട്.
പാണംകുട്ടി പുഴയ്ക്കുമേലെയുള്ള പാലവും നിർമാണത്തിന്റെ ഭാഗമായി പുനർനിർമിക്കും. സ്റ്റേഷനുകളുടെയും പാലത്തിന്റെയും ടെൻഡറുകൾ 27ന് ഓപ്പണ് ചെയ്യുമെന്നും മുഹമ്മദ് ഹനീഷ് അറിയിച്ചു. ഫെബ്രുവരിയോടെയെ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കുമെന്നായിരുന്നു റവന്യു വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ടു സ്ഥലമുടമകളുമായുണ്ടായ തർക്കങ്ങളാണ് വൈകാനിടയാക്കിയത്.
ആദ്യ അലൈൻമെന്റിൽനിന്നു മാറ്റംവരുത്തി പുതിയ അലൈൻമെന്റ് തയാറാക്കേണ്ടി വന്നതും പദ്ധതി വൈകാൻ കാരണമായി. വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലത്തുകൂടിയായിരുന്നു ആദ്യ അലൈൻമെന്റ്. പിന്നീട് മൂന്നു മീറ്ററോളം മാറ്റി പുതിയ അലൈൻമെന്റ് തയാറാക്കേണ്ടി വന്നു. സർക്കാർ അംഗീകാരത്തിനായി വീണ്ടും വേണ്ടിവന്നു മാസങ്ങൾ. സ്ഥലം വിട്ടുനൽകാൻ ആദ്യം വിസമ്മതം അറിയിച്ചവർ പിന്നീട് വലിയ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്.
ഇതിൽ പലതും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനായെന്നതാണ് ഇപ്പോഴത്തെ നേട്ടം. വടക്കേക്കോട്ട, എസ്.എൻ. പുരം എന്നീ രണ്ടു സ്റ്റേഷനുകൾ ഉൾപ്പെട്ട പാതയിൽ കടകളും വീടുകളും ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടതായുള്ളത്. നിലവിലെ സാഹചര്യത്തിൽ പൈലിംഗ് പ്രവൃത്തികൾ തുടങ്ങാൻ ജൂലൈയാകും.
പാണംകുടി പാലത്തിന്റെ പുനഃനിർമാണം ഉൾപ്പെടെ 356 കോടി രൂപയാണ് നിർമാണച്ചെലവ്. പദ്ധതി വൈകിയ സാഹചര്യത്തിൽ ചെലവിൽ മാറ്റം വന്നിട്ടുണ്ട്. പുതിയ എസ്റ്റിമേറ്റ് സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
ആദ്യ എസ്റ്റിമേറ്റ് പ്രകാരം 123 കോടിരൂപ സർക്കാർ നേരത്തെ അനുവദിച്ചതാണ്.
ശേഷിക്കുന്ന പണം വിദേശ ധനകാര്യ ഏജൻസികളിൽനിന്നു വായ്പയെടുക്കും. മെട്രോ സ്റ്റേഷനുകളുടെ നിർമാണത്തിന് ഫ്രഞ്ച് ധനകാര്യ ഏജൻസിയായ എഎഫ്ഡി വാഗ്ദാനം ചെയ്ത 189 കോടിയിൽനിന്നാകും വടക്കേക്കോട്ട, എസ്എൻ ജംഗ്ഷൻ സ്റ്റേഷനുകൾ മോടിപിടിപ്പിക്കുന്നതിനുള്ള പണം കണ്ടെത്തുക.