കൊച്ചി: ആലുവ മെട്രോ സ്റ്റേഷനും പുളിഞ്ചോടിനും ഇടയിലുള്ള പില്ലർ നന്പർ 44 ന് ബലക്ഷയം ഉണ്ടെന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ).
തൂണിന്റെ പുറം ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് ആറ് മാസം മുൻപേ ശ്രദ്ധയിൽപ്പെട്ടതാണ്. തുടർന്ന് കെഎംആർഎല്ലിന്റെ സിവിൽ എൻജിനീയറിംഗ് വിഭാഗം വിശദമായ പരിശോധന നടത്തി. പ്ലാസ്റ്ററിംഗ് ഘട്ടത്തിലെ ലവൽ വ്യത്യാസമാണിതെന്നും വിള്ളലല്ലെന്നും കെഎംആർഎൽ വിശദീകരിച്ചു.
വളയ രൂപത്തിലുള്ള ഇരുന്പ് ചട്ട ഉപയോഗിച്ചാണ് നിർമാണ ഘട്ടത്തിൽ പ്ലാസ്റ്ററിംഗ് ജോലികൾ ചെയ്തത്. രണ്ട് റിംഗുകൾ കൂട്ടിചേർത്തപ്പോൾ ഇടയിലുണ്ടായ വിടവാണ് ഇപ്പോൾ വിള്ളൽ എന്ന നിലയിൽ തോന്നിക്കുന്നതെന്നും കഐംആർഎൽ പറഞ്ഞു.
പ്ലാസ്റ്ററിംഗിലെ വിടവ് ഉടൻ പരിഹരിക്കും. മെട്രോയുടെ ഒരു തൂണുകൾക്കും നിലവിൽ ബലക്ഷയമില്ലെന്നും കെഎംആർഎൽ വ്യക്തമാക്കി. 44 നന്പർ പില്ലറിൽ യാതൊരു അറ്റകുറ്റപ്പണിയുടെയും ആവശ്യമില്ലെന്നാണ് മെട്രോ കന്പനി വിശദീകരിക്കുന്നത്.
ഇതേ റൂട്ടിൽ പത്തടിപ്പാലത്തെ 347 നന്പർ തൂണിന് കഴിഞ്ഞ മാർച്ച് മാസത്തിൽ തകരാർ കണ്ടെത്തിയിരുന്നു. തുടർന്ന് ഒരു മാസത്തോളം മെട്രോ സർവീസിനെ അത് ബാധിച്ചിരുന്നു.
പൈലിംഗിലെ അപകതയാണെന്ന് തൂണ് ചെരിയാനുണ്ടായ കാരണമെന്നതടക്കമുള്ള പ്രചാരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു.
സർവീസുകളുടെ വേഗത കുറച്ച് മാസങ്ങളെടുത്താണ് തൂണിന്റെ ബലക്ഷം പരിഹരിച്ചത്. ഇതു ദിവസങ്ങൾക്കകം പഴയപടിയാകുമെന്ന് കെഎംആർഎൽ അറിയിച്ചതിന് പിന്നാലെയാണ് ആലുവയിൽനിന്നുള്ള വിള്ളൽ ചർച്ചയായത്.